'പ്രമുഖ ഫൗണ്ടർ പ്രത്യേകം ശ്രദ്ധിക്കണം'; എക്സാലോജിക്കിന്റെ വെബ്സൈറ്റ് ഡൗണ്‍ ആയതില്‍ പരിഹാസവുമായി ബല്‍റാം
|വെബ്സൈറ്റ് റിന്യൂ ചെയ്യുവാൻ സർവീസ് പ്രൊവൈഡർ വീണ്ടും മറന്നുപോയിക്കാണുമെന്നും പ്രമുഖ ഫൗണ്ടർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബല്‍റാം ഫേസ്ബുക്കിലൂടെ പരിഹസിച്ചു
വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായത് ചൂണ്ടിക്കാട്ടി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. എക്സാലോജിക്കിന്റെ വെബ്സൈറ്റ് അഡ്രസ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ബല്‍റാമിന്റെ പരിഹാസം. വെബ്സൈറ്റ് റിന്യൂ ചെയ്യുവാൻ സർവീസ് പ്രൊവൈഡർ വീണ്ടും മറന്നുപോയിക്കാണുമെന്നും പ്രമുഖ ഫൗണ്ടർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ബല്‍റാമിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം
ഈ വെബ്സൈറ്റ് റിന്യൂ ചെയ്യുവാൻ സർവീസ് പ്രൊവൈഡർ വീണ്ടും മറന്നുപോയി എന്ന് തോന്നുന്നു. പ്രമുഖ ഫൗണ്ടർ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തമായിട്ടുള്ള വെബ്സൈറ്റ് പോലും കൃത്യമായി പരിപാലിക്കാൻ കഴിയാത്ത എന്ത് ഐ.ടി.കമ്പനിയാണിത്!
കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ മുഖ്യമന്ത്രിയും മാത്യൂ കുഴല്നാടന് എം.എല്‍.എയും തമ്മിലുള്ള വാഗ്വാദത്തിന്റെ ബാക്കിപത്രമാണ് ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെ വെബ്സൈറ്റില്‍ ജെയ്ക് ബാലകുമാറിനേക്കുറിച്ച് നേരത്തെ ഉള്‍പ്പെടുത്തിയിരുന്ന ഭാഗം മാത്യു കുഴല്നാടന് വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു.
സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് പിന്നീട് പ്രവര്‍ത്തനരഹിതമാകുകയും മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് പിന്നീട് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽനാടന് ആരോപിച്ചു.
എക്സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒന്നായി അവർ തന്നെ വെബ്സൈറ്റില്‍ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാർ എന്ന് കുഴല്നാടന് വാദിച്ചു. ജെയ്ക് ബാലകുമാര്‍ ഒരു മെന്ററുടെ സ്ഥാനത്ത് നിന്ന് സ്ഥാപനത്തെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നു. ഈ വെബ്സൈറ്റ് 107 തവണ അപ്ഡേഷൻ നടത്തിയതായും കുഴല്നാടന് ആരോപിച്ചു. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ 2020 മേയിൽ വെബ്സൈറ്റ് വീണ്ടും ഡൌൺ ആകുകയും പിന്നീട് ജൂൺ മാസത്തിൽ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്നും മാത്യൂ കുഴല്നാടന് ആരോപിച്ചു.
ഇന്നലെയും ഇന്നുമായി എക്സാലോജിക്കിന്റെ വെബ്സൈറ്റുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും വെബ്സൈറ്റ് ഡൌണ്‍ ആയി. ഈ പശ്ചാത്തലത്തിലാണ് വി.ടി ബല്‍റാം പരിഹാസവുമായി എത്തിയത്.