Kerala
ആര്യാ രാജേന്ദ്രന്‍റെ കത്ത് വ്യാജമാണെന്ന് ഏത് ക്രൈംബ്രാഞ്ച് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കാത്തതിന്‍റെ കാരണം ഇതാണ്
Kerala

'ആര്യാ രാജേന്ദ്രന്‍റെ കത്ത് വ്യാജമാണെന്ന് ഏത് ക്രൈംബ്രാഞ്ച് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കാത്തതിന്‍റെ കാരണം ഇതാണ്'

Web Desk
|
16 Nov 2022 5:46 AM GMT

ഇങ്ങനെ നിയമിതരാകുന്ന മുഴുവനാളുകളിൽ നിന്നും അവരുടെ ശമ്പളത്തിന്‍റെ ഒരു ഭാഗം ലെവി ആയി സിപിഎം പാർട്ടി ഖജനാവിലേക്ക് മാസാമാസം എത്തുന്നുണ്ട്

കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ പൊതു നിയമനങ്ങളൊക്കെ സി.പി.എമ്മുകാർക്ക് സംവരണം ചെയ്യപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വി.ടി ബല്‍റാം. സഹകരണ സംഘത്തിലെ നിയമനത്തിന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർദേശം നൽകിയ കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് ബല്‍റാമിന്‍റെ പ്രതികരണം. പരീക്ഷയും ഇന്‍റര്‍വ്യൂവുമൊക്കെ വെറും പ്രഹസനമാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ബല്‍റാമിന്‍റെ കുറിപ്പ്

ആര്യാ രാജേന്ദ്രന്‍റെ കത്ത് വ്യാജമാണെന്ന് ഏത് ക്രൈം ബ്രാഞ്ച് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കാത്തതിന്‍റെ കാരണം ഇതാണ്. ഇതിവിടത്തെ പതിവ് സംഭവമാണ്. കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ പൊതു നിയമനങ്ങളൊക്കെ സി.പി.എമ്മുകാർക്ക് സംവരണം ചെയ്യപ്പെട്ടതാണ്. നിയമനാധികാരികൾ സിപിഎം നേതാക്കൾ തന്നെയാണ്. പരീക്ഷയും ഇന്‍റര്‍വ്യൂവുമൊക്കെ വെറും പ്രഹസനമാണ്.

ഇങ്ങനെ നിയമിതരാകുന്ന മുഴുവനാളുകളിൽ നിന്നും അവരുടെ ശമ്പളത്തിന്‍റെ ഒരു ഭാഗം ലെവി ആയി സിപിഎം പാർട്ടി ഖജനാവിലേക്ക് മാസാമാസം എത്തുന്നുണ്ട്. പൊതു പണം സ്വന്തം പാർട്ടിക്കാർ വഴി അടിച്ചുമാറ്റുന്ന വലിയൊരു കവർച്ചാ സംഘമാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഓരോ തലത്തിലേയും സി.പി.എമ്മുകാർക്കും ബന്ധുക്കൾക്കും അവരുടെ കാറ്റഗറിക്കനുസരിച്ചാണ് നിയമനം. വലിയ നേതാക്കളുടെ ഭാര്യമാർക്ക് സർവ്വകലാശാലയിലെയും മറ്റും ലക്ഷങ്ങൾ ശമ്പളമുള്ള പ്രൊഫസർ, അസി. പ്രൊഫസർ ജോലികൾ. സാദാ സഖാക്കൾക്ക് കോർപ്പറേഷനിലേയും സഹകരണ സ്ഥാപനങ്ങളിലേയും ജോലികൾ.

അതിലും താഴെയുള്ളവർക്ക് താത്ക്കാലിക ജോലികൾ. ഇങ്ങനെ പാർട്ടിക്കാരെ വിവിധ കാറ്റഗറികളിലാക്കി തിരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് മാത്രമാണ് ഇപ്പോൾ സി.പി.എമ്മിന്‍റെ 'വർഗ്ഗ സമരം' അതിൽ നേതാക്കളുടെ ഭാര്യമാരുടെ നിയമനം സ്ഥിരപ്പെട്ടു കിട്ടാനും ഇനിയും അത്തരം നിയമനങ്ങൾ നിർബാധം നടത്താനുമാണ് ഇന്നലെ 'ഒരു ലക്ഷം' സി.പി.എമ്മുകാർ വണ്ടി പിടിച്ച് തിരുവനന്തപുരത്ത് വന്ന് രാജ്ഭവന് മുന്നിൽ വെയില്‍ കൊണ്ടത്.

Related Tags :
Similar Posts