ശനിയാഴ്ച വരെ സമയമുണ്ടെന്നാണ് പറഞ്ഞത്, വൈകുന്നേരം പൊലീസ് ബലം പ്രയോഗിച്ച് ബസിൽ കയറ്റി കൊണ്ടുപോയി: വഫിയ്യ വിദ്യാർഥികൾ
|വളാഞ്ചേരി മർക്കസ് ജനറൽ സെക്രട്ടറിയുടെ മാത്രം തീരുമാനമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും വിദ്യാർഥികൾ ആരോപിച്ചു.
കോഴിക്കോട്: കോളജിൽ വരേണ്ടെന്ന് ഔദ്യോഗികമായി തങ്ങൾക്ക് യാതൊരു അറിയിപ്പും കിട്ടിയില്ലെന്ന് വളാഞ്ചേരി മർക്കസിലെ വഫിയ്യ വിദ്യാർഥികൾ. ബുധനാഴ്ച രാവിലെ ഹോസ്റ്റലിലെത്തിയ പൊലീസ് ശനിയാഴ്ച വരെ സമയം തരാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ വൈകുന്നേരത്തോടെ ബലം പ്രയോഗിച്ച് ബസിൽ കയറ്റി കൊണ്ടുപോവുകയാണ് ചെയ്തതെന്നും വിദ്യാർഥികൾ പറഞ്ഞു.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ ഐ.ഡി കാർഡിലുണ്ട്. അത് പരിശോധിച്ച് രക്ഷിതാക്കളോട് മാന്യമായി കാര്യം പറയാൻ മർക്കസ് മാനേജ്‌മെന്റിന് പറ്റുമായിരുന്നു. അതൊന്നും ചെയ്യാൻ മാനേജ്‌മെന്റ് തയ്യാറായില്ല. മർക്കസ് ജനറൽ സെക്രട്ടറിയുടെ മാത്രം തീരുമാനമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും വിദ്യാർഥികൾ ആരോപിച്ചു.
മർക്കസിനല്ല സി.ഐ.സിക്കാണ് വിദ്യാർഥികൾ ഫീസ് കൊടുക്കുന്നതെന്നാണ് മർക്കസ് ജനറൽ സെക്രട്ടറിയുടെ വാദം. റസീറ്റ് ഹാജരാക്കിയപ്പോൾ അത് വ്യാജമാണെന്നാണ് പറയുന്നത്. ഇത്രയും കാലം വ്യാജ റസീറ്റാണോ മർക്കസ് ഓഫീസിൽനിന്ന് തങ്ങൾക്ക് തന്നിരുന്നത് എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.