വയനാട്ടിൽ മുസ്ലിം സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണം: വാഹിദ് ചുള്ളിപ്പാറ
|തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പാഠം ഉൾക്കൊള്ളുന്നുണ്ടോ എന്നതാണ് കോൺഗ്രസിന്റെ മുമ്പിലെ നിർണായക ചോദ്യമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയായ വാഹിദ് പറഞ്ഞു.
കോഴിക്കോട്: രാഹുൽ ഗാന്ധി രാജിവെക്കുമ്പോൾ ഒഴിവ് വരുന്ന വയനാട് പാർലമെന്റ് സീറ്റിൽ മുസ് ലിം സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് തയ്യാറാകണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പാഠം ഉൾക്കൊള്ളുന്നുണ്ടോ എന്നതാണ് കോൺഗ്രസിന്റെ മുമ്പിലെ നിർണായക ചോദ്യം.
ലോകസഭയിൽ മുസ്ലിം പ്രാതിനിധ്യം വളരെ കുറവാണ്. മുസ്ലിംകളായ കോൺഗ്രസ് എം.പി മാരും നന്നേ കുറവ്. ഈ സന്ദർഭത്തിൽ സാമൂഹ്യ നീതിയെയും പ്രാതിനിധ്യ ജനാധിപത്യത്തെയും മുൻ നിർത്തി തങ്ങളുടെ കൂടെ അടിയുറച്ച് നിന്ന മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യ നീതിക്കായി വയനാട് മണ്ഡലത്തെ കോൺഗ്രസിന് പയോജനപ്പെടുത്താനാവണമെന്നും വാഹിദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
2024 ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ആശ്വാസകരവും പ്രതീക്ഷ ജനിപ്പിക്കുന്നതുമാവുന്നത് ജാനാധിപത്യം, സാമൂഹ്യ നീതി തുടങ്ങിയ സങ്കൽപങ്ങൾക്ക് ഇന്ത്യയിൽ ജനകീയ പിന്തുണ നേടാൻ കഴിയുന്നത് കൊണ്ടാണ്. മോഡിയുടെ ഏകാധിപത്യ സമീപനങ്ങളിൽ നിന്ന് എല്ലാം കൊണ്ടും ഭിന്നമായ സമീപനം സ്വീകരിച്ചത് കൊണ്ടാണ് INDIA മുന്നണിക്ക് ഈ വിജയം സാധിച്ചത്. വ്യത്യസ്ത പ്രാദേശികവും സാമുദായികവുമായ രാഷ്ട്രീയങ്ങളെ ഉൾക്കൊണ്ടതാണ് INDIA മുന്നണിയുടെ രാഷ്ട്രീയ വിജയം. ജാതി സെൻസസിലെ ശക്തമായ നിലപാടിന് ജനപിന്തുണ ലഭിച്ചു. ആർ എസ് എസിനെതിരായ രാഹുലിൻ്റെ വിമർശനങ്ങൾക്ക് ജനം വോട്ട് ചെയ്തു.
ചന്ദ്രശേഖർ ആസാദും യുപിയിൽ മുസ്ലിം സ്ഥാനാർത്ഥികളും ഒക്കെ ലക്ഷക്കണക്കിന് ഭൂരിപക്ഷത്തിന് വിജയിച്ചത് കീഴാള , മുസ്ലിം ജനതകൾക്ക് നൽകുന്ന ആത്മ വിശ്വാസവും പ്രതീക്ഷയും ചെറുതല്ല..
വയനാട് മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കിൽ തെരഞ്ഞെടുപ്പിൻ്റെ ഈ രാഷ്ട്രീയ പാഠം ഉൾകൊള്ളുന്നുണ്ടോ എന്നതാണ് കോൺഗ്രസിൻ്റെ മുമ്പിലെ നിർണായക ചോദ്യം. ലോകസഭയിൽ മുസ്ലിം പ്രാതിനിധ്യം വളരെ കുറവ്. മുസ്ലിംകളായ കോൺഗ്രസ് എം.പി മാരും നന്നേ കുറവ്.
ഈ സന്ദർഭത്തിൽ സാമൂഹ്യ നീതിയെയും പ്രാതിനിധ്യ ജനാധിപത്യത്തെയും മുൻ നിർത്തി തങ്ങളുടെ കൂടെ അടിയുറച്ച് നിന്ന മുസ്ലിം സമുദായത്തിൻ്റെ പ്രാതിനിധ്യ നീതിക്കായി വയനാട് മണ്ഡലത്തെ കോൺഗ്രസിന് പ്രയോജനപ്പെടുത്താനാവണം.