കള്ളക്കഥ പ്രചരിപ്പിച്ചവരുടെ അവിവേകത്തിനു വിവേകിയായ ഞാൻ മാപ്പുനൽകുന്നു-വഖഫ് ബോർഡ് ചെയർമാൻ
|''സാധാരണ പൗരൻ എന്ന നിലയിലുള്ള അവകാശങ്ങളെപ്പോലും ചോദ്യംചെയ്യുന്ന സാഹചര്യമുണ്ടായി. അത് ഉണ്ടാക്കിയവർ തന്നെ പൊറുക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്.''
തിരുവനന്തപുരം: വഖഫ് ബോർഡ് ചെയർമാൻ നിയമനത്തിൽ തനിക്കെതിരെ കള്ളക്കഥ പ്രചരിപ്പിച്ചവർക്കു മാപ്പുനൽകുന്നുവെന്ന് അഡ്വ. എം.കെ സക്കീർ. വഖഫ് സ്വത്ത് കൈയേറ്റത്തിൽ ചെറിയവനെന്നും വലിയവനെന്നും വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കും. വഖഫ് ബോർഡിലേക്കുള്ള സ്ഥിരനിയമനത്തിനു ചട്ടനിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നും സക്കീർ 'മീഡിയവണി'നോട് പറഞ്ഞു.
വഖഫ് സ്വത്ത് അതിസൂക്ഷമായി സംരക്ഷിക്കുകയാണ് പ്രാഥമികമായ ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു. സ്വത്തുക്കൾ കൈയേറിയവർക്കെതിരെ നടപടി സ്വീകരിക്കുകയും അവ തിരിച്ചുപിടിക്കുകയും ചെയ്യും. വഖഫ് സ്വത്ത് കൈയേറ്റത്തിൽ ചെറിയ മീനെന്നും വലിയ മീനെന്നും വ്യത്യാസമില്ല. കൈയേറ്റം കുറ്റകരമായ പ്രവൃത്തിയാണ്. അതിക്രമിച്ചു കൈയേറലാണിത്. ഇതിൽ വലിയവനെന്നോ ചെറിയവനെന്നു വ്യത്യാസമില്ലാതെ നടപടിയെടുക്കും. അക്കാര്യത്തിൽ ഒരു മാറ്റവുമില്ലെന്നും ചെയർമാൻ വ്യക്തമാക്കി.
എന്റെ നിയമന വിഷയത്തിൽ സാധാരണ പൗരൻ എന്ന നിലയിലുള്ള അവകാശങ്ങളെപ്പോലും ചോദ്യംചെയ്യുന്ന സാഹചര്യമുണ്ടായി. അത് ഉണ്ടാക്കിയവർ തന്നെ പൊറുക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി ഞാൻ ജീവിക്കുന്ന പ്രദേശത്തോ കുടുംബത്തിലോ അന്വേഷിക്കാതെ കള്ളക്കഥ പ്രചരിപ്പിക്കുകയാണ്. അവർക്കു സംഭവിച്ച അവിവേകത്തിനു വിവേകിയായ ഞാൻ മാപ്പുനൽകുന്നു. അവർക്ക് അവിവേകവും തെറ്റും സംഭവിച്ചിട്ടുണ്ടെങ്കിൽ പൊറുത്തുകൊടുക്കുകയാണ് വഖഫ് ബോർഡ് ചെയർമാനെന്ന നിലയ്ക്കു ഞാൻ ചെയ്യേണ്ടത്-അദ്ദേഹം പറഞ്ഞു.
''വഖഫ് നിയമനം ബോർഡിലേക്കുള്ള സ്ഥിരനിയമനമാണ്. ഇതിനായുള്ള ഒരു ചട്ടനിർമാണത്തിനുള്ള പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ആ ചട്ടങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് പി.എസ്.സിക്കു വിട്ടോ ഇല്ലയോ എന്ന കാര്യമല്ല അന്വേഷിക്കുന്നത്. മെറിറ്റുള്ളവരെ തിരഞ്ഞെടുക്കണം. ഒന്നിൽക്കൂടുതൽ അപേക്ഷ വരുമ്പോൾ മത്സരപരീക്ഷ നടത്തി അതിൽനിന്ന് മാർക്ക് ലഭിച്ചവർക്കു മാത്രമേ കിട്ടൂ.''
തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിലുള്ളതെല്ലാം ഊഹാപോഹങ്ങളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അതൊന്നും എന്റെ മുന്നിലില്ലാത്ത വിഷയങ്ങളാണ്. എന്നെ ഏൽപിച്ച പണി വഖഫ് ബോർഡിന്റെ കാര്യമാണെന്നും എം.കെ സക്കീർ കൂട്ടിച്ചേർത്തു.
Summary: Adv. MK Sakeer, the newly appointed Kerala State Wakf Board Chairman, said that he forgives those who spread lies against him