സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചില്ല; വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
|സി.ബി.ഐയോ സർക്കാറോ ബോധപൂർവം നിയമനം വൈകിക്കുകയാണെന്ന് പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയമെന്ന് പെൺകുട്ടികളുടെ അമ്മ. കേസിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഇതുവരെ നിയമിച്ചിട്ടില്ല. സി.ബി.ഐയോ സർക്കാറോ ബോധപൂർവം നിയമനം വൈകിക്കുകയാണെന്നും പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. ഈ മാസം 11ന് സി.ബി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് വാളയാർ നീതി സമര സമിതി വ്യക്തമാക്കി.
വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് മാസം മുൻപാണ് അന്വേഷണ ഘട്ടത്തിൽ തന്നെ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. എന്നാൽ നാളിതുവരെ നിയമനം നടന്നിട്ടില്ല. ഇത് കേസ് അട്ടിമറിക്കാനാണോ എന്ന് സംശയിക്കുന്നതായി പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
സി.ബി.ഐയോ സർക്കാറോ ബോധപൂർവ്വം നിയമനം നടത്താതിരിക്കുകയാണെന്ന് സംശയമുണ്ടെന്ന് വാളയാർ നീതി സമര സമിതിയും ആരോപിച്ചു. വിഷയത്തിൽ ഈ മാസം 11ന് സി.ബി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സമര സമിതി വ്യക്തമാക്കി.