വീണ്ടും മണ്ണിടിഞ്ഞ് മതിൽ തകർന്നു; മെഡി.നഴ്‌സിങ് കോളേജിൽ വിദ്യാർത്ഥികളുടെ സമരം
|മെഡിക്കൽ കോളേജ് വളപ്പിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിന്റെ ഭാഗമായി ഒരു കുഴിയെടുത്തിരുന്നു. ഈ ഭാഗത്താണ് വീണ്ടും മതിൽ ഇടിഞ്ഞത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിംഗ് കോളജിൽ വിദ്യാർഥികളുടെ സമരം. കോളേജിന്റെ തകർന്ന മതിലും റോഡും ഉടൻ ശരിയാക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഇന്നലെ ഉണ്ടായ കനത്ത മഴയിലാണ് മതിലും റോഡും ഇടിഞ്ഞു താഴ്ന്നത്.
മെഡിക്കൽ കോളേജ് വളപ്പിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിന്റെ ഭാഗമായി ഒരു കുഴിയെടുത്തിരുന്നു. ഈ ഭാഗത്താണ് വീണ്ടും മതിൽ ഇടിഞ്ഞത്. നഴ്‌സിംഗ് കോളേജിലേക്കുള്ള റോഡും തകർന്നു. കഴിഞ്ഞ 12ന് തകർന്ന മതിൽ താൽക്കാലികമായി പുനർനിർമിക്കാനായി ഇരുമ്പു ഷീറ്റ് ഉപയോഗിച്ച് പൈലിങ് നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ വീണ്ടും മതിൽ ഇടിഞ്ഞത്.
ഇവിടെ ഉണ്ടായിരുന്ന ജല വിതരണ പൈപ്പ് പൊട്ടി വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയിരുന്നു. മുകളിലുള്ള തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. കോളജ് അവധിയായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. തുടർന്ന് കോളജ് യൂണിയൻ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. മേയർ ബീന ഫിലിപ് നഴ്സിങ് കോളജിലെത്തി ചർച്ച നടത്തി തെങ്ങ് കുറ്റികൾ ഉപയോഗിച്ച് പൈലിങ് നടത്തി താൽക്കാലിക സുരക്ഷ ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇത്തരത്തിലുള്ള പൈലിങ് പ്രായോഗികമല്ലെന്ന് കണ്ടതിനെ തുടർന്നാണ് ഇരുമ്പു ഷീറ്റുകൾ ഉപയോഗിച്ച് സംരക്ഷിക്കാൻ തീരുമാനിച്ചു. ഇതിന്റെ പ്രവൃത്തി പൂർത്തിയാകുന്നതിനു മുൻപാണ് മതിൽ വീണ്ടും ഇടിഞ്ഞത്. തുടർന്ന് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.