സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് എൻകെ പ്രേമചന്ദ്രനുവേണ്ടി ചുവരെഴുത്ത്
|പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പ്രേമചന്ദ്രൻ എം.പി പങ്കെടുത്ത് വിവാദമായിരുന്നു
കൊല്ലം: അഞ്ചൽ പനയഞ്ചേരിയിൽ കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രനുവേണ്ടി ചുവരെഴുത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് പ്രേമചന്ദ്രന് വേണ്ടി ചുവരെഴുത്ത് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പ്രേമചന്ദ്രൻ എം.പി പങ്കെടുത്ത് വിവാദമായിരുന്നു. അതിനിടെയാണ് കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ് ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
എൻ.കെ പ്രേമചന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഏകദേശം തീർച്ചയായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ അദ്ദേഹം നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായി ഉയർത്താൻ സി.പി.എം ലക്ഷ്യമിടുന്നുണ്ട്. എന്നാൽ പ്രേമചന്ദ്രൻ ആരോപണങ്ങളെ അപ്പാടെ തള്ളുകയാണ്.
എൽ.ഡി.എഫ് വിട്ട് യുഡിഎഫിൽ എത്തിയ ആർഎസ്പിക്ക് 2014ൽ കൊല്ലം ലോക്‌സഭാ സീറ്റാണ് നൽകിയത്. പാർട്ടി സ്ഥാനാർത്ഥിയായി കൊല്ലത്തെ മുൻ എംപി കൂടി ആയിരുന്ന എൻ.കെ പ്രേമചന്ദ്രനെ നിശ്ചയിച്ചെങ്കിലും വിജയം ഉറപ്പില്ലായിരുന്നു. പക്ഷേ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ പരനാറി പ്രയോഗം കാര്യങ്ങൾ ആകെ മാറ്റി. 37000 വോട്ടിന് എം.എ ബേബിയെ പരാജയപ്പെടുത്തി. 2019ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയത് ഇന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ. ശക്തമായ മത്സരം. ബിജെപി ബന്ധം എന്ന് ആരോപണം പ്രേമചന്ദ്രൻ ഏറ്റവുമധികം നേരിട്ട തെരഞ്ഞെടുപ്പ്. കുടുംബത്തിലുള്ളവർക്ക് ആർഎസ്എസുകാരുമായി അടുത്ത ബന്ധമുണ്ടെന്നു ഉൾപ്പടെയുള്ള കാര്യങ്ങൾ എൽ.ഡി.എഫ് ശക്തമായി പ്രചരിപ്പിച്ചു. രാഹുൽ വയനാട്ടിലേക്ക് എത്തിയ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിനടുത്ത്. മികച്ച എം.പി എന്ന് പേരെടുത്ത പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സമാന ആരോപണമാണ് നേരിടുന്നത്. എംപിക്ക്, ബിജെപി ബന്ധം എന്ന ആരോപണം സജീവമാക്കി നിർത്താനാണ് എൽഡിഎഫ് ശ്രമം.