സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പ് തന്നെ തൃക്കാക്കരയിൽ അരുൺ കുമാറിന് വേണ്ടി ചുവരെഴുത്ത്
|ഇ.പി ജയരാജൻ ഇടതുമുന്നണി സ്ഥാനാർഥിയായി ആരെയും പ്രഖ്യാപിച്ചില്ല എന്ന് പറഞ്ഞതോടെ ചുവരെഴുത്ത് നിർത്തിവെക്കുകയായിരുന്നു.
തൃക്കാക്കരയിൽ കെ.എസ്. അരുൺകുമാറിനായി ചുവരെഴുത്ത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്ത് ആരംഭിച്ചെങ്കിലും സ്ഥാനാർഥിയെ തീരുമാനിച്ചില്ലെന്ന് അറിഞ്ഞതോടെ നിർത്തിവെക്കുകയായിരുന്നു.
യുഡിഎഫ് ഇന്നലെ തന്നെ സ്ഥാനാർഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ മുതൽ തന്നെ അരുൺ കുമാറിന് വേണ്ടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്ത്് ആരംഭിച്ചത്. എന്നാൽ ഇന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മാധ്യമങ്ങളോട് ഇടതുമുന്നണി സ്ഥാനാർഥിയായി ആരെയും പ്രഖ്യാപിച്ചില്ല എന്ന് പറഞ്ഞതോടെ ചുവരെഴുത്ത് നിർത്തിവെക്കുകയായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ടെന്നും നാളെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.
തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഉമ തോമസിനെ തെരഞ്ഞെടുത്തത് പാർട്ടിയിലെ പ്രതിസന്ധി മറികടക്കാനാണെന്നും സഹതാപ തരംഗം തൃക്കാക്കരയിൽ ഉണ്ടാവില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ ഇടതുമുന്നണി അഭിമാനകരമായ നേട്ടമുണ്ടാക്കുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി വ്യക്തമാക്കി. വികസന രാഷ്ട്രീയം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ പ്രാപ്തനായ സ്ഥാനാർഥിയായിരിക്കും എൽ.ഡി.എഫിന്റേത്. ഉമ തോമസിന് സഹതാപ വോട്ട് ലഭിക്കില്ല. കെ.വി തോമസിന്റെ നിലപാട് മണ്ഡലത്തിൽ ചലനങ്ങളുണ്ടാക്കുമെന്നും എം.എ ബേബി മീഡിയവണിനോട് പറഞ്ഞു.
അതേസമയം, സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ പ്രചരണം കൊഴുപ്പിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ഭവന സന്ദർശനവും കുടുംബയോഗവുമായിരുന്നു ആദ്യ പരിപാടികൾ. സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ ആവേശത്തിലാണ് പാർട്ടി പ്രവർത്തകർ. പി.ടിയെ സ്നേഹിക്കുന്നവർ തനിക്കൊപ്പമുണ്ടാകുമെന്നും പി.ടിയുടെ ഓർമ്മകൾക്കു മുന്നിൽ എതിർ സ്വരങ്ങൾ ഇല്ലാതാകുമെന്നും ഉമ തോമസ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പി.മാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ടി.ജെ വിനോദ് എം.എൽ.എ, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് തുടങ്ങി നേതാക്കളും പ്രവർത്തകരും പ്രചരണ പരിപാടികളിൽ സജീവമായി.മണ്ഡലം ബൂത്ത് വാർഡ് തല കൺവൻഷനുകൾ സംഘടിപ്പിച്ച് വരും ദിനങ്ങളിൽ പ്രചരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ് നേതൃത്വം.