'നേരത്തേ നാടുവിട്ടതു പോലെ തന്നെ നാടുവിട്ടതാണ്': മൊഴി നൽകി ദീപക്
|നേരത്തെ നാടുവിട്ടപ്പോൾ തന്റെ ഫോൺ ഉപയോഗിച്ച് പൊലീസ് കണ്ടൈത്തിയെന്നും ഇത്തവണ അതുകൊണ്ടു തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചെന്നും ദീപക്
കോഴിക്കോട്: താൻ നേരത്തെ നാടുവിട്ടത് പോലതന്നെ നാടുവിട്ടു പോയതാണെന്ന് മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപക്. വീട്ടിൽ നിന്ന് മാറിനിൽക്കാനുള്ള ആഗ്രഹത്തിൽ നാടു വിട്ടതാണെന്നാണ് മൊഴി. നേരത്തെ ഇത്തരത്തിൽ നാടുവിട്ടപ്പോൾ തന്റെ ഫോൺ ഉപയോഗിച്ച് പൊലീസ് കണ്ടൈത്തിയെന്നും ഇത്തവണ അതുകൊണ്ടു തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചെന്നും ദീപക് പറയുന്നു.
ഗോവയിൽ ചെന്ന് കുറച്ച് ദിവസത്തിനുള്ളിൽ തന്നെ ഹോട്ടലിൽ 400 രൂപ ദിവസവേതനത്തിൽ ജോലിക്ക് കയറിയെന്നും താമസവും ഭക്ഷണവും അവിടെത്തന്നെയായിരുന്നുവെന്നും ദീപക് പൊലീസിനെ അറിയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയ ഇർഷാദുമായി ബന്ധപ്പെട്ട ഒന്നും മൊഴിയിൽ ഇല്ലെന്നാണ് വിവരം
ദീപക്കിനെ നാളെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുന്നത് വരെ ക്രൈം ബ്രാഞ്ചിൻ്റെ കരുതൽ കസ്റ്റഡിയിൽ തുടരും. ദീപക് പോയ വഴി ഉൾപ്പടെയുള്ളവയുടെ റൂട്ട് മാപ്പ് ശേഖരിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നിലും പൊലീസിന് അസ്വാഭാവികത കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ വർഷം ജൂൺ 7നാണ് ദീപക്കിനെ കാണാതാവുന്നത്. 19ഓടെ പരാതിയുമായി കുടുംബം രംഗത്തെത്തി. തുടർന്ന് ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെ ജൂലൈ 17ന് വാടിക്കൽ കടപ്പുറത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി. കുടുംബം ഇത് ദീപക്കിന്റേതാണെന്ന് സംശയിച്ച് ഏറ്റുവാങ്ങുകയും സംസ്‌കരിക്കുകയും ചെയ്തു. പിന്നീട് ഡി.എൻ.എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും നേരത്തേ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കാണാതായ പന്തീരിക്കര സ്വദേശി ഇർഷാദിന്റേതാണെന്നും കണ്ടെത്തി.
തുടർന്നാണ് ദീപക് എവിടെയെന്ന ചോദ്യം വീണ്ടുമുയർന്നത്. ഇതോടെ രണ്ട് മാസം മുമ്പ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. ഇവർ നടത്തിയ അന്വേഷണത്തിൽ ദീപക് ഗോവയിലുണ്ടാകാമെന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ പൊലീസുമായി ബന്ധപ്പെട്ടു.
തുടർന്ന് ദീപക്കിന്റെ ചിത്രങ്ങളുൾപ്പെടെ അയച്ചുകൊടുക്കുകയും നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് യുവാവിനെ കണ്ടെത്തിയെന്ന വിവരങ്ങൾ കേരളാ പൊലീസിന് ലഭിക്കുന്നതും ഇക്കാര്യം സ്ഥിരീകരിക്കുന്നതും.