പള്ളികളുടെ പ്രശ്നം അവിടെ തന്നെയാണ് പറയേണ്ടത്: പിഎംഎ സലാം
|മത സംഘടനകളുടെ യോഗമാണ് ചേർന്നത്. എല്ലാവരും ചേർന്നാണ് വാർത്താ സമ്മേളനം നടത്തിയത്. താൻ അതിന്റെ കൺവീനർ എന്ന നിലയിലാണ് കാര്യങ്ങൾ പറഞ്ഞത് - അദ്ദേഹം പറഞ്ഞു
വഖഫ് ബോർഡിലെ നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനം അവയിൽ രജിസ്റ്റർ ചെയ്ത പള്ളികളുടെ പ്രശ്നമാണെന്നും ഇത് അവിടെ തന്നെയല്ലേ പറയേണ്ടതെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. പ്രശ്നം പള്ളികളിൽ പറയണമെന്ന് പറഞ്ഞത് മത സംഘടനകളാണെന്നും അവിടെ തന്നെ വിഷയം വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ നേതാക്കൾ കാര്യം വിശദീകരിച്ചതാണെന്നും പ്രശ്നം രാഷ്ട്രീയമല്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളിയിൽ ശക്തി ഉപയോഗിച്ച് ഇത് പറയണമെന്ന് പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. ഇത് നീതിക്കുള്ള വേണ്ടിയുള്ള പോരാട്ടമാണ്. പള്ളികളടക്കം വഖഫ് സ്വത്തുക്കൾ മത സംഘടനകളുടെ കീഴിലാണെന്നും മത സംഘടനകളാണ് പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ മുസ്ലിം ലീഗിന് രാഷ്ട്രീയ താൽപര്യമില്ല. മത സംഘടനകളുടെ ഒപ്പമാണ് പാർട്ടി നിൽക്കുന്നത്. 16 മതസംഘടനകളുടെ യോഗമാണ് ചേർന്നത്. എല്ലാവരും ചേർന്നാണ് വാർത്താ സമ്മേളനം നടത്തിയത്. താൻ അതിന്റെ കൺവീനർ എന്ന നിലയിലാണ് കാര്യങ്ങൾ പറഞ്ഞത് - പിഎംഎ സലാം പറഞ്ഞു. താൻ ഒറ്റക്ക് എടുത്ത തീരുമാനമല്ലെന്നും ശബരിമലയിൽ കൈ ഇട്ട പോലെ സർക്കാർ എന്തിനാണ് ഇതിൽ കൈ ഇടുന്നതെന്നും ഇത് മതപരമായ കാര്യങ്ങളല്ലേയെന്നും സലാം ചോദിച്ചു. സമകാലിക വിഷയങ്ങളിൽ ക്രിസ്ത്യൻ പള്ളികളിൽ ഇടയ ലേഖനം വായിക്കാറില്ലേയെന്നും കോണിക്ക് വോട്ട് ചെയ്യണമെന്നൊ മാർകിസ്റ്റ് പാർട്ടിക്ക് ചെയ്യരുതെന്നൊ പള്ളിയിൽ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ജലീലിന്റെ പ്രതിഷേധം പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി സ്ഥാനം പോയ അന്ന് മുതൽ ഇദ്ദേഹം പ്രതിഷേധിക്കുന്നുണ്ടെന്നും സലാം പരിഹസിച്ചു. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീൽ പറഞ്ഞിരുന്നു. സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നടപടികൾക്കെതിരെ പള്ളികളിൽ ബോധവത്കരണം നടത്തണമെന്ന പ്രസ്താവന ലീഗ് തിരുത്തണം. ലീഗ് രാഷ്ട്രീയ പാർട്ടി ആണ്, മത സംഘടന അല്ലെന്നും ജലീൽ പറഞ്ഞു.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിൽ ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി സംസാരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. സമൂഹത്തിന്റെ ബഹുസ്വരതയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അവസരം നൽകരുത്. പള്ളികളിൽ പ്രതിഷേധം നടത്തുമെന്ന് പറയുന്നവർ ഇത് ശ്രദ്ധിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. പള്ളികളെ സംഘർഷഭൂമിയാക്കരുതെന്നും ആരാധനങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നതിന്റെ ദുരന്തം രാജ്യം അനുഭവിക്കുകയാണെന്നും എളമരം കരീം എം.പി പറഞ്ഞു.