വഖഫ് പ്രക്ഷോഭം: സമസ്തയുടെ പിന്‍മാറ്റത്തിന് പിന്നിലെന്ത് ?
|മുസ്ലിം ലീഗിന്‍റെ മുന്‍കയ്യിലുള്ള മുസ്ലിം നേതൃസമിതിയുടെ തീരുമാനത്തെ സാദിഖലി തങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത അധ്യക്ഷന്‍ പരസ്യമായി തള്ളിയതിന് പിന്നില്‍ ഗൗരവമുള്ള രാഷ്ട്രീയ - സംഘടനാ പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.
സമസ്ത മുശാവറ അംഗം കൂടി ഉള്‍പ്പെട്ട മുസ്ലിം നേതൃസമിതിയാണ് വഖഫ് നിയമനത്തിനെതിരെ വെള്ളിയാഴ്ച പള്ളികളില്‍ ബോധവത്കരണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വഖഫ് നിയമനത്തിനെതിരായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോഴും പള്ളികളില്‍ അക്കാര്യം പറയേണ്ടെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ പ്രഖ്യാപിക്കുകയാണുണ്ടായത്. മുസ്ലിം ലീഗിന്‍റെ മുന്‍കയ്യിലുള്ള മുസ്ലിം നേതൃസമിതിയുടെ തീരുമാനത്തെ സാദിഖലി തങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത അധ്യക്ഷന്‍ പരസ്യമായി തള്ളിയതിന് പിന്നില്‍ ഗൗരവമുള്ള രാഷ്ട്രീയ - സംഘടനാ പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.
സമസ്തയും ലീഗും തമ്മില്‍ എന്താണ് പ്രശ്നം
ലീഗ് വിളിക്കുന്ന മുസ്ലിം നേതൃസമിതി യോഗത്തില്‍ സമസ്ത മുശാവറ അംഗമായ ഡോ.ബഹാഉദ്ദീന്‍ കൂരിയാടാണ് സ്ഥിരമായി പങ്കെടുക്കുന്നത്. സമസ്തയുടെ ഏറ്റവും ഉയർന്ന ബോഡിയായ 'മുശാവറ' അംഗമാണെങ്കിലും ദൈനംദിന സംഘടനാ കാര്യങ്ങളിൽ അധികം ഇടപെടാത്ത നേതാവാണ് അദ്ദേഹം. സമസ്തയുടെ പ്രതിനിധിയായി കൂരിയാടിനെ ലീഗ് നേതൃത്വമാണ് യോഗത്തിലേക്ക് വിളിച്ചത്. അല്ലാതെ തങ്ങളുടെ പ്രതിനിധിയായി സമസ്ത കൂരിയാടിനെ നിശ്ചയിച്ച് അയക്കുകയായിരുന്നില്ല. മുസ്ലിം ലീഗുമായി അടുത്തു നിൽക്കുന്ന നേതാവായത് കൊണ്ടാണ് കൂരിയാട് ക്ഷണിക്കപ്പെടുന്നത്.
വഖഫ് നിയമനത്തിനെതിരെ പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന ഗൗരവമുള്ള തീരുമാനമെടുക്കുമ്പോള്‍ സമസ്ത അധ്യക്ഷനുമായി ആശയ വിനിമയം നടത്താനുള്ള ഔചിത്യം ലീഗ് നേതൃത്വമോ ബഹാഉദ്ദീന്‍ കൂരിയാടോ കാണിച്ചില്ല. ഇതേക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്ന നിലപാടാണ് ജിഫ്രി തങ്ങള്‍ തന്റെ അടുത്ത വൃത്തങ്ങളില്‍ പ്രതികരിച്ചത്. ബഹുഭൂരിപക്ഷം മഹല്ലുകളും നിയന്ത്രിക്കുന്ന സമസ്തയുടെ അധ്യക്ഷന്‍റെ അറിവില്ലാതെ എടുത്ത ഈ തീരുമാനം പ്രഖ്യാപിച്ചതാകട്ടെ, ലീഗ് ജനറല്‍ സെക്രട്ടറിയായ പിഎംഎ സലാമാണ്. ഇതിലും ജിഫ്രി തങ്ങൾക്ക് അതൃപ്തിയുണ്ട്. സംഭവം രാഷ്ട്രീയ വിവാദമായതോടെ ലീഗ് ഉന്നതന്‍ തന്നെ സമസ്ത നേതൃത്വത്തെ ബന്ധപ്പെട്ട് തെറ്റ് പറ്റിയതായി സമ്മതിച്ചു.
സമസ്തയുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ വലിപ്പച്ചെറുപ്പ പ്രശ്നം ലീഗിലെ പ്രമുഖര്‍ക്ക് തന്നെയുണ്ട്. ഇത് മൂലം ഫലപ്രദമായ ആശയവിനിമയം നടക്കാത്ത സ്ഥിതി ഇരു സംഘടനകള്‍ക്കുമിടയില്‍ രൂപപ്പെട്ടിട്ട് ഒരു പതിറ്റാണ്ടെങ്കിലും കഴിഞ്ഞു. ഇരു സംഘടനകളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൊണ്ട് തന്നെ തങ്ങളുടെ വികാരം മാനിക്കുന്നില്ലെന്ന പരാതി രണ്ടുകൂട്ടര്‍ക്കും പരസ്പരമുണ്ട്. സമസ്ത രാഷ്ട്രീയമായി എപ്പോഴും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന നിര്‍ബന്ധ ബുദ്ധി ലീഗിനും സ്വതന്ത്ര നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന നിലപാട് സമസ്തക്കുമുണ്ട്. ഇക്കാര്യത്തിലുള്ള സഘര്‍ഷം ഇപ്പോഴത്തെ വിവാദത്തിന് പിന്നിലും നിഴലിച്ചു കാണാം.
സമസ്തക്കും ജിഫ്രി തങ്ങള്‍ക്കും മുന്നിലെ വെല്ലുവിളി
മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചയില്‍ പ്രതീക്ഷ പുലര്‍ത്തുകയും ലീഗ് മുന്‍കയ്യിലുള്ള പ്രതിഷേധം ഫലത്തില്‍ ദുര്‍ബ്ബലപ്പെടുകയും ചെയ്തതോടെ വിഷയം മുന്നോട്ട് കൊണ്ടുപോകേണ്ട ബാധ്യത സമസ്തയുടെയും ജിഫ്രി തങ്ങളുടെയും ചുമലിലായി. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ അട്ടിമറി, സംവരണ അട്ടിമറി തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ സമസ്തയുടെ മുന്നിലെ വെല്ലുവിളി ചെറുതല്ല. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വഖഫ് ബോർഡിന്റെ പ്രവർത്തന മേഖല കേരളത്തിൽ വളരെ പരിമിതമാണ്. മറ്റ് സംസ്ഥാനങ്ങളിൽ വഖഫ് ബോർഡിന് കീഴിൽ മെഡിക്കൽ കോളെജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളപ്പോൾ കേരളത്തിൽ എയ്ഡഡ് സ്കൂൾ പോലുമില്ല.ദേവസ്വം ബോർഡിന് കീഴിലുള്ളത് പോലെ വഖഫ് ബോർഡിന് കീഴിലും എയ്ഡഡ് സ്ഥാപനങ്ങൾ വേണമെന്ന ആവശ്യം ഇപ്പോൾ സമുദായത്തിൽ ഉയരുന്നുണ്ട്. കഴിഞ്ഞ മുസ്ലിം നേതൃ സമിതിയും ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
വഖഫ് ബോർഡിന് അനുവദിക്കപ്പെട്ട ഗ്രാന്റ് തുലോം തുഛമാണ്. അത് പോലും സമയത്ത് ലഭ്യമാവുന്നില്ല. വഖഫ് ബോർഡുമായും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ടും അനീതി നിലനിൽക്കുന്നുവെന്ന സമുദായത്തിന്റെ പൊതുവികാരമാണ് സംയുക്ത സമരത്തിലേക്ക് സംഘടനകളെ നയിച്ചത്. ജിഫ്രി തങ്ങളുടെ ഇടപെടൽ അതിന്റെ ഗതിവേഗം കുറക്കുകയായിരുന്നു. അതിനാൽ തന്നെ സർക്കാരുമായി ബന്ധപ്പെട്ട് സമുദായത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുക എന്നത് അദ്ദേഹത്തിന്റെയും സമസ്തയുടെയും ചുമലിൽ വന്നു ചേർന്നിരിക്കുകയാണ്. അത് സംഘടനക്ക് പൊതുവെയും ജിഫ്രി തങ്ങൾക്ക് വ്യക്തിപരമായും ഉയർത്തുന്ന വെല്ലുവിളി വലുതായിരിക്കും. പ്രശ്നം സമുദായത്തിന് സ്വീകാര്യമാകുന്ന രീതിയില്‍ പരിഹരിക്കപ്പെട്ടാല്‍ ജിഫ്രി തങ്ങള്‍ക്കും സമസ്തക്കും അതൊരു പൊന്‍തൂവലാകും. മറിച്ചാണെങ്കില്‍ സമുദായത്തെ ഒറ്റുകൊടുത്തെന്ന ഗുരുതര ആരോപണം ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ഉയരും.
സമസ്തയുടെ മുശാവറ അംഗം കൂടി പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനം ജിഫ്രി തങ്ങൾ ഏകപക്ഷീയമായി ഒറ്റ പ്രസംഗത്തിലൂടെ റദ്ദാക്കിയതിലുള്ള അമർഷം സംഘടനക്കകത്തും മറ്റ് മുസ്ലിം സംഘടനകൾക്കിടയിലുമുണ്ട്. വ്യാഴാഴ്ചത്തെ പരിപാടിയിൽ ജിഫ്രി തങ്ങളുടെ പ്രഭാഷണത്തിന് ശേഷം സംസാരിച്ച സമസ്ത ജോയന്റ് സെക്രട്ടറി കൊയ്യോട് ഉമർ മുസല്യാരും ബഹാഉദ്ദീൻ നദ്‌വിയും മുസ്‌ലിം നേതൃ സമിതിയുടെ സമര തീരുമാനത്തെ അനുകൂലിച്ച് കൊണ്ടാണ് സംസാരിച്ചത്. സംഘടനക്കകത്ത് ഈ വിഷയത്തിൽ ആശയ വ്യക്തത ഇല്ല എന്നതിന്റെ സൂചനയാണിത്. എല്ലാ സംഘടനകളും ചേർന്ന് ഒരു തീരുമാനമെടുക്കുകയും അതിൽ പെട്ട ഒരു സംഘടനാ നേതാവ് അതിനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്യുന്നതിലെ അയുക്തിയാണ് മറ്റ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
പൊതു വിഷയങ്ങളിൽ നിലപാട് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരം അവ്യക്തതകൾ മുമ്പും സമസ്തക്കകത്ത് ഉണ്ടായിട്ടുണ്ട്. ആനുകാലിക വിഷയങ്ങളിൽ കൂടിയാലോചന നടത്താനും നിലപാടുകൾ സ്വീകരിക്കാനും ഭദ്രമായ സംവിധാനങ്ങൾ സംഘടനക്കകത്ത് ഇല്ല എന്നതാണ് അതിന്റെ കാരണം. ഇത്തരം കാര്യങ്ങൾ പരിശോധിക്കാനും സംഘടനാ സംവിധാനങ്ങൾ പരിഷ്കരിക്കാനും ലക്ഷ്യം വെച്ച് സമസ്ത നേതാവ് എം.പി.മുസ്തഫൽ ഫൈസിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഒരു കമീഷനെ നിയമിച്ചിട്ടുണ്ട്.
സർക്കാരിനുള്ള സന്ദേശം
സർക്കാർ വിരുദ്ധ സമരത്തെയാണ് ജിഫ്രി തങ്ങൾ വേണ്ടെന്ന് വെച്ചതെങ്കിലും സർക്കാരിനോടുള്ള വിമർശനം അദ്ദേഹം മറച്ചുവെച്ചിട്ടില്ല. ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു നിയമനിർമാണം നടത്തുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയെന്നത് പ്രാഥമിക ജനാധിപത്യ മര്യാദയും ഉത്തമമായ ഭരണനിർവഹണ രീതിയുമാണ്. എന്നാൽ വഖഫ് നിയമ ഭേദഗതിയുടെ കാര്യത്തിൽ അതുണ്ടായില്ല. സമുദായത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിന്റെയും ധാർഷ്ട്യത്തിന്റെയും പ്രതിഫലനമായാണ് മുസ്ലിം സംഘടനകൾ ഇതിനെ മനസിലാക്കുന്നത്. എന്നാൽ, വഖഫ് നിയമനം PSC ക്ക് എന്ന ആശയം കൊണ്ടുവന്ന കെ.ടി ജലീലിനെ അമിതമായി വിശ്വസിച്ചതാണ് സർക്കാരിന് വിനയായത്. സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകളെ ജലീലിലൂടെ മാനേജ് ചെയ്യാം എന്ന ഇടതുപക്ഷ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനേറ്റ പ്രഹരം കൂടിയാണ് വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം.
ലീഗിന് മുന്നിലെ വെല്ലുവിളി
ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വം മാറിയ ശേഷം സമസ്തയിലുള്ള നിയന്ത്രണം കൂടി ലീഗിന് നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമാണ്. സാദിഖലി തങ്ങളെ വേദിയിലിരുത്തിയാണ് ജിഫ്രി തങ്ങള്‍ വഖഫ് പ്രതിഷേധം പള്ളിയില്‍ പറ്റില്ലെന്ന നിലപാട് പ്രഖ്യാപിച്ചത്. ഇതില്‍ ഗൗരവമുള്ള രാഷ്ട്രീയ സന്ദേശം കൂടി ലീഗിനുണ്ട്. സാദിഖലി തങ്ങള്‍ക്ക് നിയന്ത്രിക്കാനോ സ്വാധീനിക്കാനോ കഴിയാത്ത വിധം സമസ്തയിലെ നേതൃത്വം മാറി എന്നതാണത്. ലീഗില്‍ കൂടിയാലോചനയും ചര്‍ച്ചയും ഇല്ലാതാവുകയും നേതൃത്വം ദുര്‍ബ്ബലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമസ്തയിൽ പഴയത് പോലെ ആധിപത്യം പുലര്‍ത്താന്‍ ഇനി പാര്‍ട്ടിക്ക് കഴിയില്ല. സിപിഎം അടക്കമുള്ള പാര്‍ട്ടികളുമായി സമസ്തക്ക് നല്ല ആശയവിനിമയമുള്ളതും ലീഗിനെ സംബന്ധിച്ച് ചെറുതല്ലാത്ത വെല്ലുവിളിയാണ്. ലീഗിനെ മറികടന്ന് സമസ്തയുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന രീതി കോൺഗ്രസും സ്വീകരിച്ചിട്ടുണ്ട്. ലീഗിൽ നിന്ന് കുതറി സ്വതന്ത്രമായ നിലപാടുകൾ സമസ്ത സ്വീകരിക്കുമ്പോൾ അത് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് ലീഗിനായിരിക്കും.