വഖഫ് ബോർഡ് നിയമനം; മുസ്‌ലിം സംഘടനകളുടെ കോർ കമ്മറ്റി യോഗം ചൊവ്വാഴ്ച
|സർക്കാർ ചർച്ചക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള മുസ്‌ലിം സംഘടനകളുടെ തീരുമാനം
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടിക്കെതിരെ മുസ്‌ലിം സംഘടനകൾ സമരത്തിലേക്ക്. സമരം ആസൂത്രണം ചെയ്യാനായി മുസ്‌ലിം സംഘടനകളുടെ കോർ കമ്മറ്റി യോഗം ചൊവ്വാഴ്ച ചേരും. നിയമ പോരാട്ടം തുടരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്ന് ഈ മാസം 22ന് മുസ്‌ലിം ലീഗ് വിളിച്ച് ചേർത്ത മുസ്‌ലിം സംഘടനകളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ചർച്ചക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള മുസ്‌ലിം സംഘടനകളുടെ തീരുമാനം. ഈ മാസം 30ന് വൈകിട്ട് മൂന്ന് മണിക്ക് ചേരുന്ന മുസ്‌ലിം സംഘടനകളുടെ കോർ കമ്മറ്റി യോഗത്തിൽ പ്രത്യക്ഷ സമരം സംബന്ധിച്ച തീരുമാനമെടുക്കും.
സർക്കാർ നിഷേധാത്മക നിലാപാടാണ് വിഷയത്തിൽ സ്വീകരിക്കുന്നതെന്നാണ് മുസ്‌ലിം ലീഗ് ആരോപിക്കുന്നത്. ലീഗ് വിളിച്ച് ചേർത്ത യോഗത്തിൽ എംഇഎസ് പങ്കെടുക്കാതിരുന്നതിന്റെ കാരണം സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്ന് പിഎംഎ സലാം പറഞ്ഞു. സമസ്തയടക്കമുള്ള സംഘടനകൾ വഖഫ് വിഷയത്തിൽ സ്വന്തം നിലയിൽ സർക്കാറിനെതിരെ സമര രംഗത്തുണ്ട്.