Kerala
വഖഫ് വിവാദം; മുഖ്യമന്ത്രി വിളിച്ച മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം ഇന്ന്
Kerala

വഖഫ് വിവാദം; മുഖ്യമന്ത്രി വിളിച്ച മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം ഇന്ന്

Web Desk
|
20 April 2022 1:12 AM GMT

സംഘടനകളുമായുള്ള ചർച്ചക്കുശേഷം മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നും നടക്കും

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്‌.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ചേരും. വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അബ്ദുല്‍ റഹ്മാന്‍ നിയമസഭയില്‍ പറഞ്ഞിരിന്നു. ഇതില്‍ മുസ്‌ലിം സംഘടനകള്‍ ആശങ്ക പങ്കുവെച്ചതോടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനുള്ള ബിൽ നിയമസഭ പാസാക്കുകയും ഗവര്‍ണര്‍ ഒപ്പിട്ട് വിജ്ഞാപനമിറക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മുസ്‌ലിം സംഘടനകൾ ഒന്നടങ്കം രംഗത്തുവരികയും മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങുകയും ചെയ്തു. സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു. എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നായിരുന്നു മുഖ്യമന്ത്രി അന്ന് നല്‍കിയ ഉറപ്പ്. ഇതിനിടെയാണ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുല്‍ റഹ്മാന്‍ നിയമസഭ സഭയില്‍ പറഞ്ഞത്.

മന്ത്രിയുടെ നിലപാടിനെത്തുടര്‍ന്നുണ്ടായ ആശങ്ക സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കും. മുസ്‌ലിം സമുദായത്തിന്‍റെ ആശങ്ക പരിഹരിച്ച ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകുവെന്നായിരിക്കും മുഖ്യമന്ത്രി നേതാക്കളോട് പറയുന്നത്. നേരത്തേ ഓൺലൈനായി നടത്താൻ തീരുമാനിച്ച യോഗം പിന്നീട് നേരിട്ട് നടത്താൻ തീരുമാനിക്കുകയായിരുന്നു. സംഘടനകളുമായുള്ള ചർച്ചക്കുശേഷം മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നും നടക്കും.

Similar Posts