'പി.കെ ബഷീർ വായിച്ചോ ഇല്ലയോന്ന് പറയാൻ ഇവനാരാ, ഏതാ ഈ...'; കെ.ടി ജലീലും പി.കെ ബഷീറും തമ്മിൽ വാക്‌പോര്
|അധിക്ഷേപകരമായ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി.
തിരുവനന്തപുരം: നിയമസഭയിൽ കെ.ടി ജലീൽ എംഎൽഎയും പി.കെ ബഷീറും തമ്മിൽ വാക്‌പോര്. ''ഞാൻ സി.എച്ച് മുഹമ്മദ് കോയയുടെ എല്ലാ ലേഖനങ്ങളും പ്രസംഗങ്ങളും വായിച്ചിട്ടുണ്ട്. പി.കെ ബഷീർ വായിച്ചിട്ടേ ഉണ്ടാവില്ല ഒന്നും...'' എന്ന ജലീലിന്റെ പരാമർശമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
''പി.കെ ബഷീർ വായിച്ചോ, പി.കെ ബഷീർ വായിച്ചില്ലേ എന്ന് പറയാൻ ഇവനാരാ...'' എന്നായിരുന്നു ക്ഷുഭിതനായ ബഷീറിന്റെ പ്രതികരണം. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധവുമായി എഴുന്നേറ്റതോടെ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കർ ജലീലിനോട് നിർദേശിച്ചു. പി.കെ ബഷീർ വീണ്ടും ക്ഷുഭിതനായി പ്രതികരിച്ചതോടെ തനിക്ക് ബഷീറിൽനിന്ന് പ്രൊട്ടക്ഷൻ വേണമെന്നായി ജലീൽ.
സഭ പ്രക്ഷുബ്ധമായതോടെ പി.കെ ബഷീറിന്റെ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി എം.ബി രാജേഷ് ആവശ്യപ്പെട്ടു. വ്യക്തപരമായ പരാമർശങ്ങളും അൺപാർലമെന്ററി പരാമർശങ്ങളും സഭാ രേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.