Kerala
online loan app

പ്രതീകാത്മക ചിത്രം

Kerala

ആദ്യം ഭീഷണി, പിന്നീട് നഗ്നദൃശ്യങ്ങള്‍; ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടരുതേ...

Web Desk
|
19 Sep 2023 7:22 AM GMT

അംഗീകൃതമല്ലാത്ത ഇത്തരം ലോണ്‍ ആപ്പുകള്‍ക്കു പിന്നിൽ പലപ്പോഴും വിദേശികള്‍ ആയിരിക്കും

ഓണ്‍ലൈന്‍ ആപ് വഴി വായ്പ നല്‍കുന്ന സംഘത്തിന്‍റെ ഭീഷണിയെ തുടര്‍ന്ന് കടമക്കുടിയില്‍ നാലംഗ കുടുംബം ജീവനൊടുക്കിയത് നാടിനെയാകെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ലോട്ടറി തൊഴിലാളിയായ അജയരാജനും ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.

കേരള പൊലീസിന്‍റെ കുറിപ്പ്

വളരെ എളുപ്പത്തില്‍ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അവര്‍ക്ക് അനുമതി നല്‍കുന്നു. ഈ കോണ്‍ടാക്ട് നമ്പറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നല്‍കുന്ന ജാമ്യം. കോണ്‍ടാക്ട് നമ്പറുകളുടെ എണ്ണം കൂടുംതോറും നമുക്ക് ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധി കൂടുന്നു. വായ്പയായി കിട്ടിയ പണം അവര്‍ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കില്‍ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങള്‍ നഗ്നദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അയച്ചു നല്‍കും.

ഇത്തരം ചിത്രങ്ങള്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒക്കെ അയച്ചുനൽകുന്നു. ഇത് പണം വായ്പയെടുത്ത ആൾക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കുന്നു. കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. അംഗീകൃതമല്ലാത്ത ഇത്തരം ലോണ്‍ ആപ്പുകള്‍ക്കു പിന്നിൽ പലപ്പോഴും വിദേശികള്‍ ആയിരിക്കും. നിങ്ങളില്‍ നിന്ന് കൈക്കലാക്കുന്ന പണം ക്രിപ്റ്റോ കറന്‍സി മുതലായ മാര്‍ഗങ്ങളിലൂടെ വിദേശത്തേയ്ക്ക് കടത്തുന്നതിനാൽ പണം തിരിച്ചുപിടിക്കുന്നത് ദുഷ്കരവും ശ്രമകരവും ആണ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. അവരുടെ പ്രലോഭനങ്ങള്‍ തിരസ്കരിക്കാനും അവര്‍ അയച്ചു നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

വായ്പ ആവശ്യമുള്ള പക്ഷം സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കണം. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകള്‍ പൊലീസിനെ അറിയിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930ല്‍ ബന്ധപ്പെടാവുന്നതാണ്.

Similar Posts