Kerala
Prominent Hyderabadi Qawwali singers Warsi brothers will perform in Kozhikode tomorrow as part of the Malabar Literature Festival, MLF 2023
Kerala

വാർസി ബ്രദേഴ്‌സ് നാളെ കോഴിക്കോട്ട്

Web Desk
|
29 Nov 2023 2:17 PM GMT

കോഴിക്കോട് ബീച്ചിൽ നടക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നാളെ വാർസി ബ്രദേശ് ഖവാലി അവതരിപ്പിക്കും

കോഴിക്കോട്: പ്രമുഖ ഹൈദരാബാദി ഖവാലി ഗായകരായ വാർസി സഹോദരങ്ങൾ നാളെ കോഴിക്കോട്ട്. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഇവർ എത്തുന്നത്. ഇന്ത്യയിലും വിദേശത്തും നിരവധി ഖവാലി സദസുകൾ അവതരിപ്പിച്ച ഇവർ ഇതാദ്യമായാണ് കേരളത്തിലെത്തുന്നത്. നാളെ വൈകീട്ട് എട്ടിനാണു പരിപാടി.

ഹൈദരാബാദിൽ നിന്നുള്ള നസീർ അഹ്മദ് ഖാൻ വാർസിയും നസീർ അഹ്മദ് ഖാൻ വാർസിയും ചേർന്നാണ് വാർസി ബ്രദേഴ്സിന് രൂപം നൽകിയിരിക്കുന്നത്. പ്രമുഖ ഖവാലി-ഗസൽ പാരമ്പര്യ കുടുംബത്തിൽനിന്നും വരുന്ന വാർസി ബ്രദേഴ്സ്, രാജ്യം പത്മശീ നൽകി ആദരിച്ച ഖവാലി ഗായകൻ അസീസ് അഹ്മദ് ഖാൻ വാർസിയുടെ പേരമക്കളാണ്. ഇവരുടെ പിതാവ് സഹീർ അഹ്മദ് ഖാൻ വാർസിയും പ്രസിദ്ധ ഖവാലി ഗായകനാണ്.

പിതാമഹനിൽനിന്ന് സംഗീതം പഠിച്ച് തുടങ്ങിയ വാർസി സഹോദരങ്ങൾ അമീർ ഖുസ്രുവിന്റെ സൂഫിയാന കലാമുകളാണ് പ്രധാനമായും ആലപിക്കാറുള്ളത്. ഇവയ്ക്ക് പുറമെ ഗാലിബ്, മീര, കബീർ എന്നീ പ്രസിദ്ധ സൂഫീകവികളുടെ കവിതകളും ആലപിക്കാറുണ്ട്.

ഖവാലി സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2014ൽ തെലങ്കാന സർക്കാർ ഇവരെ സംഗീത നാടക അക്കാദമി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ഹൈദരാബാദ് നാംപള്ളിയിലെ പ്രസിദ്ധമായ യൂസുഫൈൻ ദർഗയിൽ വ്യാഴാഴ്ച രാത്രി വാർസി ബ്രദേഴ്സ് നടത്തിവരുന്ന ഖവാലി സദസ്സിൽ പങ്കെടുക്കാൻ നിരവധി സംഗീതപ്രിയരാണ് എത്താറുള്ളത്.

ഖവാലി-ഗസൽ സംഗീതത്തിന് വലിയ സ്വീകാര്യതയുള്ള മണ്ണാണ് കേരളമെന്നും ആദ്യമായി കേരളത്തിൽ പാടാനെത്തുന്നതിൽ അതീവ സന്തോഷമുണ്ടെന്നും വാർസി സഹോദരങ്ങൾ പറഞ്ഞു. 'ഞങ്ങൾക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയ അമൂല്യ സ്വത്താണ് ഖവാലി. അതിന്റെ പ്രചാരകരായി രാജ്യം മുഴുവൻ സഞ്ചരിക്കുന്നതിലും വലിയ സന്തോഷമില്ല', വാർസി സഹോദരങ്ങൾ പറഞ്ഞു.

നവംബർ 30 മുതൽ ഡിസംബർ മൂന്നു വരെയാണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ എഡിഷൻ കോഴിക്കോട് കടപ്പുറത്ത് നടക്കുന്നത്. മലബാറിന്റെ ചരിത്രവും കലയും സംസ്‌കാരവും ചരിത്രപരമായ അന്താരാഷ്ട്ര ബന്ധങ്ങളും നാല് ദിവസങ്ങളിലായി ആഘോഷിക്കുന്ന ഫെസ്റ്റിവലിൽ കേരളത്തിനകത്തും പുറത്തുംനിന്നുള്ള നിരവധി എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും പങ്കെടുക്കും.

Summary: Prominent Hyderabadi Qawwali singers Warsi brothers to perform in Kozhikode tomorrow as part of the Malabar Literature Festival(MLF)

Similar Posts