കഞ്ചിക്കോട് കിൻഫ്രയിലെ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് മാലിന്യം ഒഴുകുന്നു; കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ആശങ്ക
|കോവിഡ് രോഗികളും, ജീവനക്കാരും ഉപയോഗിക്കുന്ന സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞ് കവിഞ്ഞാണ് മലിന ജലം വ്യവസായശാലകളിലേക്ക് ഉൾപ്പെടെ ഒഴുകുന്നത്.
പാലക്കാട് കഞ്ചിക്കോട്ടെ കിൻഫ്രയിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ (സി.എഫ്.എല്‍.ടി.സി) മലിന ജലം പൊതുവഴിയിലേക്കും, ജലാശയങ്ങളിലേക്കും ഒഴുകുന്നതായി പരാതി. കിന്‍ഫ്രയിലെ വ്യവസായികളാണ് പരാതിയുമായി രംഗത്തെത്തിയത്. കോവിഡ് രോഗികളും, ജീവനക്കാരും ഉപയോഗിക്കുന്ന സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞ് കവിഞ്ഞാണ് മലിന ജലം വ്യവസായശാലകളിലേക്ക് ഉൾപ്പെടെ ഒഴുകുന്നത്.
കൈയുറകളടക്കം കോവിഡ് മാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് രോഗ വ്യാപനത്തിന് കാരണമാക്കുമെന്ന ഭീതിയിലാണ് വ്യവസായികൾ. പരാതി പറഞ്ഞിട്ടും പരിഹാരമില്ലെന്നും വ്യവസായികള്‍ വ്യക്തമാക്കുന്നു.
കഞ്ചിക്കോട് കിൻഫ്രാ പാർക്കില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്‍ററില്‍ 1000 രോഗികൾക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍, ഇത്രയും പേർക്കുള്ള ബാത്ത്റും സൗകര്യം ഇവിടെയില്ല. കക്കൂസ് ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. വ്യവസായ ശാലകൾക്കുള്ളിലേക്കുപോലും കോവിഡ് രോഗികൾ ഉപയോഗിച്ച മലിന ജലം ഒഴുകുകയാണെന്നാണ് പരാതി. ഈ വെള്ളം സമീപത്തെ കുളത്തിലും, നിരവധി പേർ ഉപയോഗിക്കുന്ന കോരയാർ പുഴയിലും എത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.