Kerala
മതം ചോദിച്ച് മലിനഭക്ഷണം നൽകിയ സംഭവം; ജീവനക്കാരെ പുറത്താക്കി റെയിൽവെ
Kerala

മതം ചോദിച്ച് മലിനഭക്ഷണം നൽകിയ സംഭവം; ജീവനക്കാരെ പുറത്താക്കി റെയിൽവെ

Web Desk
|
19 Jun 2023 12:30 PM GMT

ഈ മാസം ഒമ്പതിനാണ് രാജധാനി എക്‌സ്പ്രസിൽ പനവേൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനും നേരെ മോശം പെരുമാറ്റമുണ്ടായത്

കോഴിക്കോട്: രാജധാനി എക്‌സ്പ്രസിൽ യാത്രക്കാർക്ക് മാലിന്യത്തിൽ നിന്ന് ഭക്ഷണമെടുത്തു നൽകിയ സംഭവത്തിൽ ജീവനക്കാരെ റെയിൽവേ പുറത്താക്കി. കരാർ ജീവനക്കാരായ രണ്ട് സർവീസ് സ്റ്റാഫിനെയാണ് റെയിൽവേ പുറത്താക്കിയത്. രണ്ട് പേരിൽ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരവും ഈടാക്കി. മീഡിയ വൺ വാർത്തയെ തുടർന്നാണ് നടപടി.

ഈ മാസം ഒമ്പതിനാണ് രാജധാനി എക്‌സ്പ്രസിൽ പനവേൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനും നേരെ മോശം പെരുമാറ്റമുണ്ടായത്. യുവതിയുടെ പേര് ചോദിച്ച് മതം മനസിലാക്കുകയും അതിന് ശേഷം മാലിന്യത്തിൽ നിന്നെടുത്ത ഭക്ഷണം അവർക്ക് നൽകി എന്നതായിരുന്നു പരാതി. ഇതിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തുകയും ജീവനക്കാർ കുറ്റം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.

തുടർന്ന് ഐ.ആർ.ടി.സി കേറ്ററിങ് സർവീസ് കരാറെടുത്ത സംഘത്തിൽപ്പെട്ട കുറ്റക്കാരായ രണ്ട് പേരെയും റെയിൽവേ പുറത്താക്കി. ഈ സംഘത്തിന്റെ സൂപ്പർ വൈസറെ രാജധാനി എക്‌സ്പ്രസിന്റെ സർവീസിൽ നിന്ന് റെയിൽവേ പൂർണമായി ഒഴിവാക്കുകയും കരാറുകാരന് ശക്തമായ താകീതു നൽകുകയും ചെയ്തു. ഇനി ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്ന പക്ഷം കരാർ റദ്ദാക്കുമെന്നും ഗൗരവത്തോടെ ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.


Related Tags :
Similar Posts