Kerala
Waste treatment, Kozhikode, Njelian field, Zonda, contract
Kerala

കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണം; സോണ്ടയ്ക്ക് കരാർ നീട്ടി നൽകി

Web Desk
|
30 March 2023 11:13 AM GMT

കരാർ ഒപ്പിട്ട് 4 വർഷമായി ഒരു പ്രവൃത്തിയും ചെയ്യാത്ത കമ്പനിക്ക് 30 ദിവസം കൂടി സമയം നീട്ടികൊടുക്കുന്നത് എന്തിനാണെന്നായിരുന്നു പ്രതിപക്ഷം ചോദിച്ചത്

കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണത്തിനുള്ള കരാർ സോണ്ട കമ്പനിക്ക് നീട്ടി നൽകി. ഉപാധികളോടെയാണ് കരാർ നീട്ടിയത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. 30 ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്യണം. അല്ലെങ്കിൽ കൗൺസിൽ നിശ്ചയിക്കുന്ന പിഴ ഈടാക്കും. സമയബന്ധിതമായി കരാർ പൂർത്തികരിക്കാൻ കമ്പനിക്ക് കഴിയാത്തതിനെ തുടർന്ന് ഗ്രീൻ ട്രൈബ്യൂണൽ അടക്കമുള്ളവർ കോർപ്പറേഷന് പിഴ വിധിക്കുകയാണെങ്കിൽ സോണ്ട കമ്പനി ആയിരിക്കും ഇതിന് ഉത്തരവാദി. ഇത്തരം ഉപാധികളോടെയാണ് കോർപ്പറേഷൻ കരാർ നൽകിയിരിക്കുന്നത്.

പ്രതിഷേധ സൂചകമായി പ്രതിപക്ഷം അജണ്ട കീറി എറിയുകയും ഇറങ്ങിപോകുകയും ചെയ്തു. തുടർന്ന് ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയതിന് ശേഷം കമ്പനിക്ക് കരാർ നൽകുകയായിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിക്കുകയാണ്. ആരോപണ വിധേയരായ സോണ്ട കമ്പനിയെ മാറ്റി നിർത്തണമെന്ന് യു.ഡി.എഫും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു.

സോണ്ട കമ്പനിക്ക് കരാർ പുതുക്കി നൽകാനുള്ള അജണ്ടയെ പ്രതിപക്ഷം എതിർത്തിരുന്നു. സോണ്ട കമ്പനിക്ക് കരാർ നീട്ടി നൽകരുതെന്നും എല്ലാ കരാറും റദ്ദാക്കണമെന്നുമായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഞെളിയൻ പറമ്പിലെ മാലിന്യസംസ്കരണ കരാർ ഒരു മാസത്തേക്ക് നീട്ടിനൽകാനാണ് അജണ്ട വെച്ചത്. കരാർ ഒപ്പിട്ട് 4 വർഷമായി ഒരു പ്രവൃത്തിയും ചെയ്യാത്ത കമ്പനിക്ക് 30 ദിവസം കൂടി സമയം നീട്ടികൊടുക്കുന്നത് എന്തിനാണെന്നായിരുന്നു പ്രതിപക്ഷം ചോദിച്ചത്. കരാറിൽ പറയുന്ന നിബന്ധനകളും ഉപാധികളും കമ്പനി പാലിക്കുമെന്നതിൽ എന്ത് ഉറപ്പാണ് ഉള്ളതെന്നും പ്രതിപക്ഷം ചോദിച്ചു. ഭരണപക്ഷം കമ്പനിയെ പിന്തുണച്ചതിന് പിന്നാലെ വാക്കേറ്റം ഉണ്ടായിരുന്നു.

എന്നാൽ കോവിഡ് കാലവും പ്രളയവും മൂലമാണ് സമയബന്ധിതമായി കരാർ പൂർത്തിയാക്കാൻ കമ്പനിക്ക് സാധിക്കാത്തത് എന്നാണ് ഡെപ്യൂട്ടി മേയർ നൽകിയ വിശദീകരണം.

Similar Posts