ആനയറക്കാര്‍ക്ക് ഇനി പേടിക്കാതെ വീടിന് പുറത്തേക്കിറങ്ങാം; വാട്ടര്‍ അതോറിറ്റിയുടെ ഭീമൻ പൈപ്പുകൾ നീക്കാന്‍ നടപടി തുടങ്ങി
|പരമാവധി നാല് ദിവസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാണ് ശ്രമമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു
തിരുവനന്തപുരം: സ്വീവേജ് പൈപ്പ് ലൈനിനായി കൊണ്ടുവന്ന പൈപ്പുകൾ കാരണം വഴിമുട്ടിയ തിരുവനന്തപുരം ആനയറ മഹാരാജാസ് ലെയ്നിലെ 150 കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരമാകുന്നു. കേടായ യന്ത്രഭാഗത്തിന് പകരം ചൈനയിൽ നിന്ന് വരുത്തിയ റൊട്ടേറ്റിങ് ഗ്രൂപ്പ് കിറ്റ് ഇന്നലെ രാത്രി ആനയറയിലെത്തി. ചെന്നൈയിൽ നിന്ന് റോഡ് മാർഗമാണ് യന്ത്രം ആനയറയിലെത്തിയത്.
ഭീമൻ പൈപ്പുകൾ ഭൂമിക്കടിയിലേക്ക് മാറ്റുന്നതിനായി ഉപയോഗിക്കുന്ന ഹൊറിസോണ്ടൽ ഡയഗണൽ ഡ്രില്ലിംഗ് മെഷീന്റെ റൊട്ടേറ്റിങ് ഗ്രൂപ്പ് കിറ്റ് എന്ന യന്ത്രഭാഗമാണ് ശനിയാഴ്ച ആനയറയിലെത്തിയത്. ചൈനയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ യന്ത്രഭാഗം ഏറെനാൾ കസ്റ്റംസ് ക്ലിയറൻസ് കാത്ത് കിടന്നിരുന്നു.
ക്ലിയറൻസ് ലഭിച്ച ശേഷം ചെന്നൈയിൽ എത്തിയ യന്ത്രത്തിന്റെ റിപ്പയറിങ്ങും ട്രയലും പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ രാത്രി എട്ട് മണിയോടെ ആനയറയിലെത്തിയത്. ഇനിയുള്ള ദിവസങ്ങളിൽ 24 മണിക്കൂറും ജോലികൾ നടക്കും. പരമാവധി നാല് ദിവസം കൊണ്ട് പ്രവൃത്തിപൂർത്തിയാക്കാനാണ് ശ്രമമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
ആനയറയിലെ ജനങ്ങളുടെ ദുരിതം 109 ദിവസം പിന്നിടുമ്പോഴാണ് യന്ത്രം എത്തിയത്. ഇനി പരമാവധി വേഗത്തിൽ പണി പൂർത്തിയാക്കി പൈപ്പുകൾ വീടുകൾക്ക് മുൻപിൽ നിന്ന് നീക്കം ചെയ്യും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി മന്ത്രിയുടെ നിർദേശപ്രകാരം എഞ്ചിനീയർമാരുടെ പ്രത്യേക ടീമിന് രൂപം നൽകിയിട്ടുണ്ട്.