മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.5 അടിയിലേക്ക് ഉയരുന്നു; കേരളത്തിന് തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ്
|റൂൾ കർവിലെത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിയോടു കൂടി തുറന്നേക്കും
ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേരളം തമിഴ്നാടിന് ആദ്യ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് രാത്രി 7 മണിയോടെ 136 അടി പിന്നിട്ടു. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഡാമിന്റെ ഷട്ടർ തുറന്നേക്കാനും സാധ്യതയുണ്ട്.
ശരാശരി 6592 ഘന അടി ജലമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകി എത്തുന്നത്. അതേസമയം 2000 ഘന അടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ ഡാമും പൂർണമായും നിറഞ്ഞിരിക്കുകയാണ്. ഈ ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടിട്ടുണ്ട്. അത്കൊണ്ട് തന്നെ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. റൂൾ കർവിലെത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിയോടു കൂടി തുറന്നേക്കും.
ഡാമിന്റെ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിൻ കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് പരമാവധി കുറച്ചു നിലനിർത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
രാത്രിയിൽ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താൽ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാൻ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. അണക്കെട്ട് തുറക്കും മുൻപ് ജനങ്ങൾക്ക് മതിയായ മുന്നറിയിപ്പ് നൽകാൻ നടപടി സ്വീകരിക്കണമെന്നും മുൻ കാലങ്ങളിലെ പോലെ രാത്രിയിൽ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കത്തിൽ ആവശ്യപ്പെട്ടു.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഏതാനും ഡാമുകളുടെ ഷട്ടറുകൾ തുറന്നേക്കും. ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. പൊന്മുടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള, കല്ലാർകുട്ടി തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേർട്ട്.