ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയായി ഉയർത്തും: തമിഴ്‌നാട്
|പിണറായി സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകൻ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകൻ. തമിഴ്‌നാട് സംഘത്തോടൊപ്പം അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബേബി ഡാം ബലപ്പെടുത്തിയ ശേഷമായിരിക്കും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുക. ബേബി ഡാമിൽ നിർദേശിച്ച ബലപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കൂടുതൽ ബലപ്പെടുത്തലിന് അണക്കെട്ടിനു താഴെയുള്ള മൂന്നു മരങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് കേരളത്തിന്റെ അനുമതി വേണം-മന്ത്രി പറഞ്ഞു.
റൂൾ കർവ് പ്രകാരം ഈ മാസം 10 വരെ 139.50 അടി വരെ ജലനിരപ്പ് ക്രമീകരിക്കാം. റൂൾ കർവ് പ്രകാരമാണ് സ്പിൽ വേ തുറന്നത്. മുല്ലപ്പെരിയാർ നീണ്ട നാളത്തെ പ്രശ്‌നമാണ്. വകുപ്പു മന്ത്രി എന്ന നിലയിലാണ് അണക്കെട്ടിലെത്തിയത്. എല്ലാ ഡാമുകളും സന്ദർശിക്കുന്നതിന്റെ ഭാഗമാണിത്. വർഷങ്ങളായി ഇത്തരത്തിൽ ഡാമുകൾ സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുല്ലപ്പെരിയാറിനെ കുറിച്ച് പറയാൻ ഒ പളനിസാമിക്കും ഇ പനീർശെൽവത്തിനും ധാർമിക അവകാശമില്ല. പിണറായി സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ദുരൈ മുരുകൻ കൂട്ടിച്ചേർത്തു.