Kerala
ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തും
Kerala

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തും

Web Desk
|
9 Aug 2022 2:42 AM GMT

മുഴുവന്‍ ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാറിൽ 139.55 അടിയായി.ഇടുക്കിയിൽ ജലനിരപ്പ് 2386.81 അടിയിലെത്തി. ഡാമിലെ 10 ഷട്ടറുകളും തുറന്നിരിക്കുകയാണ്. 10 ഷട്ടറുകൾ 90 സെ.മീ അധികമായി ഉയർത്തി 7246 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്.

വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതും നീരൊഴുക്ക് വർധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. അതേസമയം, മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തും. മൂന്ന് ഷട്ടർ 30 സെ.മി ഉയർത്തി 8626 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. മഞ്ചുമല കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നു. പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. .ജലനിരപ്പിൽ കാര്യമായ കുറവുണ്ടാകാത്തതിനാൽ സ്പിൽവേ ഷട്ടർ വഴി തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും.

പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല, ആറ്റോരം,കടശ്ശികടവ്,കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജലനിരപ്പ് ക്രമീകരിച്ച് നിർത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്നൊഴുക്കുന്ന ജലം കൂടി എത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു. 2386.46 അടി വെള്ളമാണ് ഇടുക്കി ഡാമിലുള്ളത്. 2386.86 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമുകളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. മുഴുവൻ ഷട്ടറുകളും തുറന്നിട്ടും ഡാമുകളിൽ ജലനിരപ്പ് താഴുന്നില്ല . പെരിയാറിന്റെ തീരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുകയാണ്. ഇടുക്കി തടിയമ്പാട് ചപ്പാത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. സമീപത്തെ വീടുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. തടിയമ്പാട് ചപ്പാത്തിൽ ഒരുവീടിന്റെ മതിൽ ഇടിഞ്ഞു.

അനുവദനീയ സംഭരണ ശേഷിയും കടന്നതോടെ ഇടമലയാർ ഡാം ഇന്ന് തുറക്കും. പെരിയാർ തീരത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ എട്ടുമണിക്ക് ഡാം ഗേറ്റുകൾ തുറക്കില്ല. നേരത്തെ ഡാം എട്ടുമണിക്ക് തുറക്കുമെന്ന് അറിയിച്ചിരുന്നു.

Similar Posts