സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴോട്ട്; ഇടുക്കി ഡാമിലുള്ളത് 32ശതമാനം വെള്ളം മാത്രം
|ജലസേചന ഡാമുകളിലും അപകടകരമായ തോതില്‍ വെള്ളം കുറയുന്നു
ഇടുക്കി: കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴോട്ട്. വൈദ്യുതി ഉല്‍പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ജലസേചന ഡാമുകളിലും അപകടകരമായ തോതില്‍ വെള്ളം കുറയുകയാണ്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 30 ശതമാനവും ഇടുക്കിയില്‍ നിന്നാണ്. ഇപ്പോള്‍ അണക്കെട്ടില്‍ ബാക്കിയുള്ളത് 32 ശതമാനം വെള്ളം മാത്രം.
കഴിഞ്ഞ വര്‍ഷം ഇതേസമയം 81 ശതമാനം വെള്ളമുണ്ടായിരുന്നു. മറ്റ് ഡാമുകളുടെ സ്ഥിതിയും മറിച്ചല്ല. പമ്പ യിലുള്ളത് 34 ശതമാനം വെള്ളമാണ്. കക്കി 36 ശതമാനം, മൂഴിയാര്‍ 32ശതമാനം, ഇടമലയാര്‍ 42ശതമാനം, കുറ്റിയാടി 33ശതമാനം, ആനയിറങ്കല്‍ 25ശതമാനം, ഷോളയാര്‍ 62 ശതമാനം, കുണ്ടള 68 ശതമാനംഎന്നിങ്ങനെയാണ് കെഎസ്ഇബിയുടെ കീഴിലെ മറ്റ് ഡാമുകളിലെ ജലത്തിന്റെ ശതമാനം. ആഭ്യന്തര ഉല്പാദനം കുറഞ്ഞതും ദീര്‍ഘകാല വൈദ്യുതി കരാര്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയതും കാരണം സംസ്ഥാനം നേരിടുന്നത് ഗുരുതര വൈദ്യുത പ്രതിസന്ധിയാണ്.
ജലസേചന വകുപ്പിന് കീഴിലെ ഡാമുകളുടെ ജലനിരപ്പും താഴ്ന്നു. മലമ്പുഴ ഡാമിലുള്ളത് 36 ശതമാനം വെള്ളം മാത്രമാണ്. വാഴാനിയില്‍ 34, ചിമ്മണി 31, മീങ്കര 18, വാളയാര്‍, 34 പോത്തുണ്ടി 45 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ജലസേചന ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞത് തൃശ്ശൂരും പാലക്കാടുമുള്ള നെല്‍ കര്‍ഷകരെയാണ് കാര്യമായി ബാധിക്കുന്നത്. മഴക്കുവേണ്ടി ഇനി എത്ര നാള്‍ കേരളം കാത്തിരിക്കണമെന്നതാണ് ചോദ്യം.