Kerala
കൊച്ചിക്ക് പ്രതീക്ഷയേകി വാട്ടർ മെട്രോ; മൂന്ന് ബോട്ടുകള്‍ കൂടി ഉടനിറങ്ങും
Kerala

കൊച്ചിക്ക് പ്രതീക്ഷയേകി വാട്ടർ മെട്രോ; മൂന്ന് ബോട്ടുകള്‍ കൂടി ഉടനിറങ്ങും

ijas
|
22 Jun 2022 1:10 AM GMT

50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാവുന്ന 23 ബോട്ടുകളാണ് വാട്ടർ മെട്രോ പദ്ധതിയിലുള്ളത്

കൊച്ചി: മെട്രോ ട്രെയിനുകൾക്ക് ശേഷം കൊച്ചിക്ക് പ്രതീക്ഷയേകി വാട്ടർ മെട്രോ. കൊച്ചിക്കാരുടെ തലക്ക് മീതെ മെട്രോ ട്രെയിനുകള്‍ പായുന്നതിനൊപ്പം ഗതാഗതം സുഗമമാക്കാന്‍ കൊണ്ടുവന്ന പദ്ധതിയാണ് വാട്ടർ മെട്രോ. 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാവുന്ന 23 ബോട്ടുകളാണ് വാട്ടർ മെട്രോ പദ്ധതിയിലുള്ളത്. പക്ഷേ ഇതുവരെ പണിപൂർത്തിയാക്കി നീറ്റിലിറക്കിയത് ഒരു ബോട്ട് മാത്രമാണ്. കഴിഞ്ഞ മാർച്ചിലാണ് ഈ ബോട്ടിന്‍റെ ട്രയല്‍ റണ്‍‌ നടത്തിയത്. മൂന്ന് ബോട്ടുകള്‍ കൂടി ഈ മാസം പണി പൂർത്തിയാക്കി കൊച്ചിന്‍ ഷിപ്പ് യാർഡില്‍ നിന്ന് ഇറക്കാനാകുമെന്നാണ് കെ.എം.ആർ.എല്ലിന്‍റെ കണക്കുകൂട്ടല്‍‌. അടുത്ത മാസം മറ്റൊരു ബോട്ട് കൂടി ലഭിക്കും. അഞ്ച് ബോട്ടുകളായാല്‍ സർവീസ് തുടങ്ങാനാകും.

പദ്ധതിക്ക് ആകെ വേണ്ടത് 38 ടെർമിനലുകളാണ്. ഇതില്‍ കാക്കനാട്, വൈറ്റില, ഏലൂർ എന്നിവ പൂർത്തിയായിട്ടുണ്ട്. നാല് ടെർമിനലുകള്‍ കൂടി ഈ മാസം കമ്മീഷന്‍ ചെയ്യും. വാട്ടർ മെട്രോയിലേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്‍റുള്‍പ്പെടെ പൂർത്തിയായി. മെട്രോയിലേതിന് സമാനമായ ടിക്കറ്റ് നിരക്കായിരിക്കും വാട്ടർ മെട്രോയിലും. ടെർമിനലുകളില്‍ കിയോസ്കുകള്‍ സ്ഥാപിച്ച് ടിക്കറ്റേതര വരുമാനവും കെ.എം.ആർ.എല്‍ ലക്ഷ്യമിടുന്നുണ്ട്. വൈറ്റില മുതല്‍ കാക്കനാട് വരെയുള്ള കനാല്‍ നവീകരിച്ചു. വൈപ്പിന്‍ മേഖലയിലും കനാല്‍ ആഴം കൂട്ടിവരികയാണ്. വാട്ടർ മെട്രോ കൂടി സർവീസ് തുടങ്ങുമ്പോള്‍ റോഡുകളെ മാത്രം ആശ്രയിക്കാതെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനാകും.

Water Metro for Kochi; Three more boats will arrive soon

Related Tags :
Similar Posts