വയനാട്ടില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; നോക്കാൻ ഏൽപ്പിച്ചതാണെന്ന് അമ്മ
|വിൽപ്പന നടത്തിയിട്ടില്ലെന്നും കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചതാണെന്നും അമ്മ
വയനാട്: വയനാട് പൊഴുതനയിൽ രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചെന്ന് ആരോപണം. ഇടനിലക്കാർ വഴി തിരുവനന്തപുരം സ്വദേശികൾക്ക് കൈമാറിയ കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി സി ഡബ്ല്യു സിക്ക് കൈമാറി. അതേസമയം, വിൽപ്പന നടത്തിയിട്ടില്ലെന്നും കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചതാണെന്നും അമ്മ മീഡിയവണിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, സാമ്പത്തിക ഇടപാടിൽ തനിക്ക് പങ്കില്ലെന്നും ഭർത്താവിന്റെ ഉപദ്രവം സംബന്ധിച്ച് ആശാവർക്കറെ വിവരമറിയിച്ചതിനെ തുടർന്ന് അവരും സുഹൃത്തും കണ്ടെത്തിയ ആൾക്ക് കുഞ്ഞിനെ കൈമാറുകയായിരുന്നു എന്നും അമ്മ പറഞ്ഞു
അതിനിടെ, സംഭവത്തിൽ ഇടനിലക്കാരിയായ നാലാം വാർഡിലെ ആശാ വർക്കറെ അന്വേഷണ വിധേയമായി ഡിപിഎം സസ്പെൻഡ് ചെയ്തു. സംഭവത്തിൽ സാമ്പത്തിക ഇടപാട് നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതാണ് പോലീസിൽ പരാതിപ്പെടാൻ കാരണമായതെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസർ പറഞ്ഞു. രണ്ടു മാസം പ്രായമായ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം നടത്തുകയാണെന്ന് വൈത്തിരി പോലീസ് അറിയിച്ചു.