വയനാട് ദുരന്തം: 10 കോടിയുടെ ആദ്യഘട്ട പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി
|ദുരന്ത മേഖലയിലെ സർവേയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: വയനാട്ടിൽ 10 കോടി രൂപയുടെ ആദ്യഘട്ട പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി. ദുരന്തത്തിൽ രോഗ ബാധിതരായവർക്ക് ജമാഅത്തെ ഇസ്‌ലാമി താൽക്കാലിക താമസ സൗകര്യം നൽകുന്നുണ്ട്. വിദ്യാർഥികൾക്ക് കോഴിക്കോട് വാദി റഹ്മയിൽ പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദുരന്ത മേഖലയിൽ പുനരധിവാസത്തിനായി സർവേ നടത്തുന്നുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തിന്റെ തുടർനടപടികൾ ദുരന്ത മേഖലയിലെ സർവേ അനുസരിച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലെ ഉരുൾദുരന്തത്തിൽ സമ്പൂർണ പുനരധിവാസമാണ് ആവശ്യമെന്നും അത് വീട് നിർമാണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മുജീബുറഹ്മാൻ പറഞ്ഞു. വയനാടിനെ പുനർനിർമിക്കാൻ പുനരധിവാസത്തിന് സമൂഹം മുഴുവൻ സർക്കാരിനൊപ്പം നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.