Kerala
വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി; കാസര്‍കോട് സ്കൂളുകള്‍ക്ക് അവധി
Kerala

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി; കാസര്‍കോട് സ്കൂളുകള്‍ക്ക് അവധി

Web Desk
|
10 July 2022 2:43 PM GMT

കനത്ത മഴയെ തുടര്‍ന്നാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്ടില്‍ അങ്കണവാടികളും പ്രൊഫഷണല്‍ കോളജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി. കോളജുകൾക്ക് അവധി ബാധകമല്ല.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ബുധനാഴ്ച മുതൽ മഴ കൂടുതൽ കനക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലുമുള്ളവർ ജാഗ്രത പാലിക്കണം. കടൽക്ഷോഭ സാധ്യത നിലനിൽക്കുന്നതിനാൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ 10 മുതൽ 14 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Related Tags :
Similar Posts