Kerala
ആദ്യ വാക്സിനേറ്റഡ് ജില്ലയായി വയനാട്; 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി
Kerala

ആദ്യ വാക്സിനേറ്റഡ് ജില്ലയായി വയനാട്; 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി

Web Desk
|
16 Aug 2021 1:47 AM GMT

ആറു മാസം നീണ്ട മെഗാ വാക്സിനേഷൻ യജ്ഞത്തിനൊടുവിലാണ് ജില്ലയുടെ സുപ്രധാന നേട്ടം

സംസ്ഥാനത്തെ ആദ്യ വാക്സിനേറ്റഡ് ജില്ലയായി വയനാട്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ആറു മാസം നീണ്ട മെഗാ വാക്സിനേഷൻ യജ്ഞത്തിനൊടുവിലാണ് ജില്ലയുടെ സുപ്രധാന നേട്ടം.

പ്രധാന ടൂറിസം ജില്ലയായ വയനാട്ടിലെ മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കി ടൂറിസം കേന്ദ്രങ്ങൾ തുറക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തിയ നിരന്തര പരിശ്രമങ്ങളാണ് ഒടുവിൽ വിജയം കണ്ടത്. 18 വയസ്സിന് മുകളിൽ പ്രായമുള്ള 6,51,967 പേരിൽ 6,15,729 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. വാക്സിൻ സ്വീകരിക്കാൻ പാടില്ലാത്ത ഗുരുതര രോഗമുള്ളവർ, ക്വാറന്‍റൈനിലുള്ളവർ, മൂന്ന് മാസത്തിനിടെ കോവിഡ് വന്ന് പോയവർ, കണ്ടെയ്ന്‍മെന്‍റ് സോണുകളിലും ക്ലസ്റ്ററുകളിലുമായതിനാൽ വാക്സിനെടുക്കാൻ കഴിയാതിരുന്നവർ തുടങ്ങിയവരൊഴികെയുള്ള മുഴുവൻ പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് നടത്തിയ മൊബൈൽ വാക്സിനേഷൻ യജ്ഞങ്ങളും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പല സമയങ്ങളിലായി നടത്തിയ വാക്സിനേഷൻ മെഗാ ഡ്രൈവും നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു. മാർച്ച് മിഷൻ, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂൺ തുടങ്ങിയ മിഷനുകൾ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് സുപ്രധാന നേട്ടത്തിലേക്ക് ജില്ല നടന്നടുത്തത്. സംസ്ഥാനത്ത് ആദ്യമായി 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നടത്തിയ ജില്ലയെന്ന ബഹുമതിയും നേരത്തെ കാസർകോട് ജില്ലക്കൊപ്പം വയനാട് പങ്കിട്ടിരുന്നു.

Similar Posts