മുണ്ടക്കൈ ദുരന്തം: ചൊവ്വാഴ്ച വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ
|രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനിടെ ചൊവ്വാഴ്ച വയനാട്ടിൽ യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണ് യുഡിഎഫ് ഹർത്താൽ. കേന്ദ്ര സഹായ നിഷേധത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
പ്രധാനമന്ത്രിയുടേത് മനുഷ്യത്വവിരുദ്ധ പ്രവർത്തനമാണെന്ന് ടി. സിദ്ദീഖ് എംഎൽഎ ആരോപിച്ചു. ജനകീയ ഹർത്താലാണ് നടത്തുന്നത്. പ്രകൃതിദുരന്തമുണ്ടായ മറ്റു സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകി. എന്നാൽ വയനാടിനെ മാത്രം അവഗണിക്കുകയാണ്. ഇത് പ്രാകൃത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
കടകളും സ്ഥാപനങ്ങളും അടച്ച് എല്ലാവരും ഹർത്താലുമായി സഹകരിക്കണം. അവശ്യസർവീസുകളെ ഒഴിവാക്കും. രാജ്യം ശ്രദ്ധിക്കുന്ന രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു അക്രമവും ഉണ്ടാവില്ല. മൂന്ന് നിയോജകമണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് മാർച്ച് നടത്തും. ഇന്ന് രാത്രി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.