Kerala
വയനാട് ഉരുൾപൊട്ടൽ; ദുരന്തമേഖലയിലെ കോളജ് വിദ്യാർഥികൾക്ക് പരീക്ഷയിൽ ഇളവ്
Kerala

വയനാട് ഉരുൾപൊട്ടൽ; ദുരന്തമേഖലയിലെ കോളജ് വിദ്യാർഥികൾക്ക് പരീക്ഷയിൽ ഇളവ്

Web Desk
|
9 Aug 2024 1:07 PM GMT

സെമസ്റ്റർ പരീക്ഷകൾ എഴുതേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്.

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തമേഖലയിലെ കോളജ് വിദ്യാർഥികൾക്ക് പരീക്ഷയിൽ ഇളവ് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ദുരിതബാധിതരായ കുട്ടികൾ സാധാരണ സെമസ്റ്റർ പരീക്ഷകൾ എഴുതേണ്ടതില്ല. പകരം ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷയ്ക്ക് അവസരമൊരുക്കും. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. പാഠപുസ്തകവും ഡിജിറ്റല്‍ പഠനസാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് അതും നൽകും. മൊബൈൽ ഫോൺ നഷ്ടപ്പെട്ടവർക്ക് എൻ.എസ്.എസ് പകരം ഫോൺ നൽകുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മുണ്ടക്കൈയിൽ ഇന്ന് നടന്ന ജനകീയ തിരച്ചിലിൽ വിവിധ സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും പങ്കുചേർന്നു. സൂചിപ്പാറ മേഖലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തി. സ്കൂൾ റോഡിന് സമീപത്തെ കിണറിൽ രണ്ട് കുട്ടികൾ വീണിട്ടുണ്ടോ എന്ന സംശയം ഒരാൾ ഉന്നയിച്ചു. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കിണറിലെ മണ്ണ് മുഴുവൻ പുറത്തെടുത്തിട്ടു. പക്ഷേ ഒന്നും കണ്ടെത്താനായില്ല. എവിടെയെങ്കിലും ഉറ്റവരുടെ അടയാളങ്ങളുണ്ടാമോ എന്നാണ് തിരഞ്ഞത്. ഈ ജനകീയ തിരച്ചിൽ ഞായറാഴ്ചയും തുടരും.

ഉരുൾപൊട്ടൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വയനാട്ടിലെത്തും. 12 മണിയോടെ വയനാട്ടിലെത്തുന്ന പ്രധാനമന്ത്രി മൂന്നു മണിക്കൂറോളം മേഖലയിൽ തുടരും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാക്കുകയാണ് കേരളം.

അതിനിടെ, ഉരുള്‍ പൊട്ടല്‍ ദുരന്തമേഖലയിൽ കേന്ദ്ര സംഘം ഇന്ന് സന്ദർശനം നടത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട്ടിലെത്തിയത്. ഇന്ന് രാത്രിയോടെ ദുരന്തം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് സംഘം കേന്ദ്ര സർക്കാരിന് കൈമാറും എന്നാണ് സൂചന.

Related Tags :
Similar Posts