Kerala
wayand landslide
Kerala

'വീട് അമർന്നുപോയിട്ട് അതിനടിയിൽ ആളുണ്ടെന്നാണ് പറയുന്നത്, അങ്ങോട്ട് പോകാൻ കഴിയുന്നില്ല'

Web Desk
|
31 July 2024 2:02 AM GMT

ഒരു റിസോര്‍ട്ടില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്

വയനാട്: ഒറ്റ രാത്രി കൊണ്ട് ഒരു നാടാകെ നാമാവശേഷമായിരിക്കുകയാണ്. എങ്ങും നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍. ഉറ്റവരെയും കിടപ്പാടവും നഷ്ടമായവര്‍....മണ്ണും ചെളിയും വലിയ പാറക്കല്ലുകളും കൊണ്ട് പ്രദേശമാകെ നിറഞ്ഞിരിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍. രക്ഷാപ്രവര്‍ത്തകര്‍ നിസ്സഹായരായിപ്പോകുന്ന കാഴ്ച. ഒരു വീട് അമര്‍ന്നുപോയിട്ട് അതിനടിയില്‍ ആളുകളുണ്ടെന്ന് വിവരം ലഭിച്ചെന്നും എന്നാല്‍ അങ്ങോട്ടേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പറഞ്ഞു.

''പതിനാറോളം മൃതദേഹങ്ങള്‍ ഞങ്ങളവിടെ കണ്ടിട്ടുണ്ട്. അവിടെ ഒരു പാടിയിലാണ് ഈ മൃതദേഹങ്ങള്‍ വച്ചിരിക്കുന്നത്. അതുപോലെ തന്നെ രണ്ട് ബോഡി അവിടെ കണ്ടു. പക്ഷെ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അതെടുക്കാനുള്ള സംവിധാനമില്ല. വീട് അമര്‍ന്നുപോയിട്ട് അതിനടിയില്‍ ഇപ്പോഴും ആളുകളുണ്ട്. ഒരു റിസോര്‍ട്ടില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവര്‍ സേഫാണെങ്കിലും അങ്ങോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. ആ പരിസരത്തുള്ള മുഴുവന്‍ വീടുകളും തകര്‍ന്നുകിടക്കുകയാണ്. ഒരു വീട് തകര്‍ന്നിട്ട് അതിനടിയില്‍ അഞ്ചാളുകള്‍ ഉണ്ടെന്ന് പറയുന്ന കേട്ടു. പക്ഷെ ഞങ്ങള്‍ക്ക് അങ്ങോട്ട് എത്താന്‍ കഴിയുന്നില്ല'' ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പറയുന്നു.

ഇതുവരെ 134 പേരാണ് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത്. ലഭിച്ച മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാനായിട്ടില്ല. മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാലവസ്ഥ അനുകൂലമായാൽ വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി ആളുകളെ പുറത്തെത്തിക്കും. നിലമ്പൂർ -പോത്തുകൽ ഭാഗത്തും തിരച്ചിൽ തുടരും.



Similar Posts