മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇടതുമുന്നണി, നിയമ പോരാട്ടത്തിനും ആലോചന
|വിഷയം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനും ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇടതുമുന്നണി. മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സഹായം കിട്ടാത്തതിനെതിരെ രാഷ്ട്രീയ- നിയമ പോരാട്ടങ്ങൾക്കാണ് ആലോചന. വിഷയം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനും ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്.
കേരളം മുഴുവൻ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. എസ്ഡിആർ ഫണ്ട് ചൂരൽമല ദുരന്ത ബാധിതർക്ക് മാത്രമായി ഉപയോഗിക്കാമെന്ന് കേന്ദ്രം ഉത്തരവിറക്കുമോയെന്നാണ് റവന്യൂമന്ത്രി കെ. രാജന്റെ വെല്ലുവിളി.
പ്രധാനമന്ത്രിയാണല്ലോ പറഞ്ഞത് സഹായം നൽകുമെന്ന്. അപ്പോൾ അത് കിട്ടണ്ടേ? കേരളത്തോടാണ് കേന്ദ്രത്തിന് അമർഷം. കേരളത്തെ ഒരു കാരണവശാലും സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന രാഷ്ട്രീയ കാരണങ്ങളാണ് കേന്ദ്രനിലപാടിന് പിന്നിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ പരിധിക്കകത്ത് നിന്നുകൊണ്ട് വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യും. കേരളത്തിന് അകത്തും പുറത്തുമുള്ളവർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകമാതൃകയിൽ പുനരധിവാസം നടപ്പാക്കണമെന്ന് തന്നെയാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
നിലവിൽ ഹൈക്കോടതിയിലുള്ള കേസിലെ കേന്ദ്ര നിലപാടും സർക്കാർ ഉറ്റു നോക്കുന്നുണ്ട്. ദുരന്ത സഹായത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ അന്തിമ നിലപാട് അറിഞ്ഞശേഷം നിയമപരമായി മേൽക്കോടതിയെ സമീപിക്കാനും സംസ്ഥാനം ആലോചിക്കുന്നുണ്ട്.