അടങ്ങാതെ 'ഹരിത കലാപം'; വയനാട് എംഎസ്എഫിൽ പൊട്ടിത്തെറി
|എംഎസ്എഫ് കൽപറ്റ മണ്ഡലം വൈസ് പ്രസിഡന്റ് മുബശ്ശിർ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്‌കർ അടക്കമുള്ള നേതാക്കൾ രാജിവച്ചു. ഹരിത നേതാക്കളെ പിന്തുണച്ചവരെ നേതൃത്വത്തിൽനിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി
മുസ്‍ലിം ലീഗില്‍ ഇനിയും അടങ്ങാതെ 'ഹരിത കലാപം'. 'ഹരിത' മുന്‍ നേതാക്കളെ പിന്തുണച്ച ഭാരവാഹികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് വയനാട് എംഎസ്എഫിൽ കൂട്ടരാജി. എംഎസ്എഫ് കൽപറ്റ മണ്ഡലം വൈസ് പ്രസിഡന്റ് മുബശ്ശിർ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്‌കർ അടക്കമുള്ള നേതാക്കൾ രാജിവച്ചു.
പുതിയ ഭാരവാഹികളെ ലീഗ് നേതാക്കൾ ഏകപക്ഷീയമായി തീരുമാനിച്ചുവെന്ന് രാജിവച്ച നേതാക്കൾ ആരോപിച്ചു. ഹരിതയ്‌ക്കെതിരെ വന്ന നടപടികൾക്കെതിരെ പ്രതികരിച്ചവരെ പുറത്താകുകയാണ്. ഹരിതയെ പിന്തുണച്ചതിന്റെ പേരിൽ പാര്‍ട്ടിയില്‍ ഗ്രൂപ്പുകളി നടക്കുന്നുണ്ടെന്നും ഇവർ വിമർശിച്ചു.
ഹരിത വിവാദവുമായി ബന്ധപ്പെട്ട് ഭാരവാഹിത്വത്തിൽനിന്നു പുറത്താക്കപ്പെട്ട എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈജലിന് രാജിവച്ച നേതാക്കൾ പിന്തുണ അറിയിച്ചു. ഷൈജലിനെ പോലെ ഊർജസ്വലനായ ഒരു നേതാവ് ജില്ലയിൽ വേറെയില്ലെന്നും ഇവർ പറഞ്ഞു. ഇന്ന് നടന്ന എംഎസ്എഫ് കൗൺസിൽ ലീഗ് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമായാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. കാംപസ് രാഷ്ട്രീയം ഇഷ്ടപ്പെട്ട് യൂനിറ്റ് കമ്മിറ്റികളിലൂടെ വന്നവരാണ് തങ്ങളെന്നും ഇവർ കൂട്ടിച്ചേർത്തു.