'ഞങ്ങളുടെ വീടൊന്നും കാണാനില്ല; പറമ്പില്‍നിന്ന് നാല് ബോഡി കിട്ടി'-ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആശ്വാസത്തില്‍ ശകുന്തള
|''ഇന്നലെ രാത്രി പെയ്ത ശക്തമായ മഴ കണ്ട് ഞാനും ഭര്‍ത്താവും ഒരു മൊബൈലും ടോര്‍ച്ചും മാത്രം എടുത്ത് അദ്ദേഹത്തിന്റെ പെങ്ങളെ വീട്ടിലേക്കു മാറിത്താമസിക്കുകയായിരുന്നു''
കല്പറ്റ: ''ഇവിടെ ആകെ സുരക്ഷിതമായി ഒരു വീട് മാത്രമേയുള്ളൂ. അവിടെയാണിപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത്. വില്ലേജ് ഓഫിസും മുങ്ങിപ്പോയിട്ടുണ്ട് എന്നാണ് അറിയാനായത്.''
വലിയൊരു ദുരന്തത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ആശ്വാസത്തിലും നടുക്കത്തിലുമാണ് ചൂരല്‍മല വില്ലേജ് റോഡിലെ ശകുന്തള. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയില്‍ ദുസ്സൂചന തോന്നി ഉയര്‍ന്ന പ്രദേശത്തുള്ള ഭര്‍തൃസഹോദരിയുടെ വീട്ടിലേക്ക് മാറിത്താമസിച്ചതായിരുന്നു അവര്‍. ഭര്‍ത്താവും കൂടെയുണ്ട്. ദുരന്തം കുത്തിയൊലിച്ചെത്തിയ രാത്രി പുലര്‍ന്നപ്പോള്‍ തങ്ങളുടെ വീട് നിന്ന സ്ഥലം പുഴ പോലെ നിരപ്പായി കിടക്കുന്നതാണു കണ്ടതെന്ന് അവര്‍ മീഡിയവണിനോട് പറഞ്ഞു.
''മുകളില്‍ നാത്തൂന്റെ വീട്ടില്‍ സുരക്ഷിതമായി നില്ക്കുകയാണിപ്പോള്. ഇന്നലെ രാത്രി ഏഴുമണി സമയത്ത് ശക്തമായ മഴയാണു പെയ്തിരുന്നത്. അതുകണ്ട് ഞാനും ഭര്‍ത്താവും മുകളിലുള്ള അദ്ദേഹത്തിന്റെ പെങ്ങളെ വീട്ടിലേക്കു മാറിത്താമസിക്കുകയായിരുന്നു. തലേന്ന് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്നലെ അവിടെ നില്‍ക്കേണ്ടെന്നു തീരുമാനിച്ചു പോയത്. ഒരു മൊബൈലും ടോര്‍ച്ചും മാത്രം എടുത്താണ് വീട്ടില്‍നിന്നു പോന്നത്''-ശകുന്തള പറഞ്ഞു.
''ഭീകരമായ അവസ്ഥയാണവിടെ ഇപ്പോള്‍. ഞങ്ങളുടെ വീടൊന്നും കാണാനില്ല. പറമ്പില്‍ മൂന്നൂ നാല് ബോഡികള്‍ അവിടെ വന്നുകിടക്കുന്നുണ്ട്. ഒരുപാട് മരങ്ങള്‍ കുത്തിയൊലിച്ചു വന്ന് ഒരു പുഴയുടെ ആകൃതിയിലായി മാറിയിട്ടുണ്ട്. വീടുള്ള ഭാഗത്തെല്ലാം മരങ്ങള്‍ അടിഞ്ഞു പുഴ പോലെയായിട്ടുണ്ട്. ഇന്നലെ മാറിയതുകൊണ്ട് ഞങ്ങള്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ നില്ക്കുന്ന ഭാഗത്ത് ഒന്നു രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കുറേ വീടുകളില്‍ ചെളിയും വെള്ളവും വന്നു നിറഞ്ഞിരിക്കുകയാണ്.
അയല്‍വീട്ടുകാരോടും മാറാന്‍ പറഞ്ഞിരുന്നു. വരാമെന്നു പറഞ്ഞെങ്കിലും അവര്‍ മാറിയിരുന്നില്ല. ചൂരല്‍മല വില്ലേജ് റോഡിന്റെ ചുറ്റുമായി പത്തു പതിനഞ്ച് വീടുകളുണ്ടായിരുന്നു. പലരും ഇപ്പോള്‍ മാറിത്താമസിച്ചിട്ടുണ്ട് എന്നാണ് അറിയാനായത്. വില്ലേജ് ഓഫിസും മുങ്ങിപ്പോയിട്ടുണ്ട്. ആകെ സുരക്ഷിതമായി പ്രദേശത്ത് ഒരു വീട് മാത്രമേയുള്ളൂ. അവിടെയാണിപ്പോള്‍ തങ്ങള്‍ നില്‍ക്കുന്നതെന്നും ശകുന്തള കൂട്ടിച്ചേര്‍ത്തു.
Summary: Wayanad Mundakkai landslide live updates