മുണ്ടക്കൈയില്‍നിന്ന് ചാലിയാറിലേക്ക് കുത്തിയൊലിച്ചെത്തിയത് 17 മൃതദേഹങ്ങള്‍
|ചാലിയാറിന്റെ കരയില്‍ വന്നടിഞ്ഞ നിലയിലാണു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയത്
കല്‍പറ്റ/മലപ്പുറം: വയനാട് മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈയിലും ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മുണ്ടക്കൈ ടൗണ്‍ ഒന്നാകെ മലവെള്ളത്തില്‍ ഒലിച്ചുപോയതായാണു വിവരം. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 56 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, മലപ്പുറം ജില്ലയില്‍ നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരത്തുനിന്ന് 17 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ചൂരമലയില്‍നിന്ന് ഉത്ഭവിക്കുന്ന പുഴ മുണ്ടക്കൈ ടൗണും കഴിഞ്ഞാണ് ചാലിയാറില്‍ ചേരുന്നത്. ഉരുള്‍പൊട്ടല്‍ മുണ്ടക്കൈയിലെ വീടുകളും കെട്ടിടങ്ങളും അതിനകത്തെ ജീവനുകളുമായി കുത്തിയൊലിച്ച് നിലമ്പൂര്‍ ചാലിയാറിലുമെത്തി. ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
ചാലിയാറില്‍നിന്ന് നിലവില്‍ ലഭിച്ചത് 17 മൃതദേഹങ്ങളാണ്. ചുങ്കത്തറ പഞ്ചായത്ത് പരിധിയില്‍നിന്നാണു ബാക്കിയുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുഴയോരങ്ങളില്‍ അടിഞ്ഞ നിലയിലാണു നാട്ടുകാര്‍ക്കു മൃതദേഹങ്ങള്‍ ലഭിച്ചത്. 13 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി മാര്‍ച്ചറിയിലേക്ക് മാറ്റി. ബാക്കി മൃതദേഹങ്ങളും ഉടന്‍ ആശുപത്രിയിലെത്തിക്കും.
Summary: Wayanad Mundakkai landslide live updates