വയനാട് തലപ്പുഴ കണ്ണോത്തുമല ജീപ്പ് ദുരന്തം: ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു
|മന്ത്രി എ.കെ ശശീന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു
വയനാട്: മാനന്തവാടി തലപ്പുഴ കണ്ണോത്ത്മല ജീപ്പ് അപകടത്തിൽ മരിച്ചവർക്ക് നാടിന്റെ യാത്രാമൊഴി. പൊതു ദർശനത്തിന് ശേഷം ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു.
മക്കിമല എൽ.പി സ്‌കൂളിൽ പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം മക്കിമലയിൽ പൊതുദർശനത്തിന് എത്തിച്ചത്. സർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ അന്തിമോപചാരമർപ്പിച്ചു. എം.എൽ.എമ്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ എല്ലാം അന്തിമോപചാരം അർപ്പിച്ചു.
ഒരു വീട്ടിലെ രണ്ടു പേരുൾപ്പടെ ഒമ്പത് പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്തയും മകൾ ചിത്ര, ഇവരുടെ നാട്ടുകാരായ ലീല, ശോഭന, റാബിയ, കാർത്യായനി, ഷജ, ചിത്ര, ചിന്നമ്മ, റാണി എന്നിവരാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റു അഞ്ചു പേർ ഇപ്പോൾ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അടക്കം അറിയിച്ചിരുന്നു.