കുറുക്കന്മൂലയില്‍ വീണ്ടും കടുവയുടെ ആക്രമണം; ഒരാടിനെ കൂടെ കടുവ കൊന്നു
|രണ്ടാഴ്ചയ്ക്കിടെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്
വയനാട് കുറുക്കന്മൂലയിൽ വീണ്ടും കടുവയുടെ ആക്രമണം. ഒരാടിനെ കൂടെ കടുവ കൊന്നു. പയ്യമ്പിള്ളി സ്വദേശി ബേബിയുടെ ആടിനെയാണ് കടുവ കൊന്നത്. കടുവക്കായുള്ള തെരച്ചിൽ വനംവകുപ്പ് ഊർജിതമാക്കി.
രണ്ടാഴ്ചയായി വയനാട് മാനന്തവാടി കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തുന്ന കടുവക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെയും കടുവ നാട്ടിലിറങ്ങിയെന്നാണ് വിവരം. കുറുക്കന്മൂലയിലെ ജനവാസ മേഖലയിൽ ഇന്ന് രാവിലെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാൽപാടുകൾ കണ്ടെത്തിയത്.
കടുവയെ മയക്കുവെടിവെക്കാനുള്ള ഉത്തരവ് ലഭിച്ചെങ്കിലും പകല്‍ സമയത്ത് ദൃഷ്ടിയില്‍പെടാത്തതിനാല്‍ അതിനുള്ള അവസരം കിട്ടിയിട്ടില്ലെന്ന് ഡി.എഫ്.ഒ ഷജ്ന കരീം പറഞ്ഞു. കര്‍ണാടക വനപാലകര്‍ ഉപേക്ഷിച്ചതാണ് കടുവയെ എന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍, അത്തരത്തിലുള്ള നിഗമനത്തിലേക്ക് വനംവകുപ്പ് എത്തിയിട്ടില്ലെന്നാണ് ഡി.എഫ്.ഒ വ്യക്തമാക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്. നിരവധി മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കുങ്കിയാനകളെയും ഡ്രോണും ഉപയോഗിച്ചാണ് കടുവയുടെ സാന്നിധ്യമുള്ള തോട്ടങ്ങളിൽ വനംവകുപ്പ് തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസം നിരീക്ഷണ ക്യാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ കുടുങ്ങിയിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു ചിത്രങ്ങള്‍. കാട്ടിലിറങ്ങി ഇര തേടാനാവാത്ത വിധം അവശതയുള്ളതിനാലാകാം കെട്ടിയിട്ട വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് എന്ന സംശയത്തെ സാധൂകരിക്കുന്നതാണിത്.