മാനന്തവാടിയില്‍ ഇറങ്ങിയ ആനയെ മയക്കുവെടി വയ്ക്കാൻ വനം വകുപ്പ് ഉത്തരവ്
|ബന്ദിപൂർ വനം മേഖലയിൽ തുറന്നുവിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദിന്റെ നിർദേശം
മാനന്തവാടി: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവയ്ക്കാൻ വനം വകുപ്പിന്റെ ഉത്തരവ്. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കാട്ടിലേക്കു തുരത്താൻ ശ്രമിക്കണമെന്നാണു നിർദേശം. ഇതു വിജയിച്ചില്ലെങ്കിൽ മയക്കുവെടിവച്ചു പിടികൂടി ബന്ദിപൂർ വനത്തിൽ തുറന്നുവിടാനും ഉത്തരവിൽ പറയുന്നു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദ് ആണ് ഉത്തരവിറക്കിയത്.
ആനയെ സുരക്ഷിതമായി കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്കു തുരത്താൻ ശ്രമിക്കണം. ഇതു വിജയിച്ചില്ലെങ്കിൽ മയക്കുവെടി വച്ചു പിടികൂടണം. അധികം സമ്മർദം നൽകാതെ എത്രയും വേഗത്തിൽ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബന്ദിപൂർ വനം മേഖലയിൽ തുറന്നുവിടണമെന്നുമാണു നിർദേശം. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ രണ്ട് 1 എ പ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ഇന്നലെ രാത്രി 11.30ഓടെയാണ് മാനന്താവാടിയിൽ കാട്ടാന ഇറങ്ങിയത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച് കറങ്ങിനടക്കുന്നത്. കർണാടകയിലെ ഹാസനിൽനിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട 'തണ്ണീർ' എന്ന ആനയാണിത്. കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തിൽ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകൾക്ക് അവധിയും നൽകിയിരുന്നു.