'റിഫയുടെ മരണകാരണം അറിയണം, കേസുമായി മുന്നോട്ട് പോകും'; നീതി പ്രതീക്ഷിച്ച് കുടുംബം
|റിഫയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലമാണ് ഇനി ലഭിക്കാനുള്ളത്
കോഴിക്കോട്: ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫയുടെ മരണകാരണം അറിയണമെന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിഫയുടെ ഉമ്മ ഷെറീന മീഡിയവണിനോട് പറഞ്ഞു. റിഫയുടേത് തൂങ്ങിമരണമാണെന്നാണ് പോസ്ററ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലമാണ് ഇനി ലഭിക്കാനുള്ളത്.
ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ല, ആത്മഹത്യയ്ക്ക് ഒരു കാരണമുണ്ടാകും കാരണക്കാരനും. അത് കണ്ടെത്തണം. മെഹ്നാസ് ഒളിവിൽ തുടരുന്നത് ദുരൂഹതയുള്ളതിനാലാണ്. മരണത്തിന് കാരണക്കാരൻ മെഹ്നാസ് ആണെന്നും റിഫയുടെ പിതാവ് റഷീദ് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിഫയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. റിഫയുടെ കഴുത്തിൽ ഒരു പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചിരുന്നു. എന്നാൽ ഇത് തൂങ്ങിമരിച്ചപ്പോൾ കയർ കുരുങ്ങിയുണ്ടായതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
റിഫയുടെ ഭർത്താവ് മെഹ്നാസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുള്ളതായാണ് പൊലീസ് പറയുന്നത്. നിലവിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ മെഹ്നാസ് തയ്യാറായിട്ടില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 20ന് കോടതി പരിഗണിക്കും.