Kerala
high court of kerala

ഹൈക്കോടതി

Kerala

അണ്‍ എയ്ഡഡ് സ്കൂളിൽ ദുർബല വിഭാഗക്കാരായ കുട്ടികളുടെ ഫീസ് സർക്കാർ നൽകണം; ഹൈക്കോടതി

Web Desk
|
3 May 2023 1:03 AM GMT

ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഹരജിക്കാരൻ മീഡിയവണിനോട് പറഞ്ഞു

കൊച്ചി: അണ്‍ എയ്ഡഡ് സ്കൂളിൽ ദുർബല വിഭാഗക്കാരായ കുട്ടികളുടെ ഫീസ് സർക്കാർ നൽകണമെന്ന് ഹൈക്കോടതി. ചെലവാകുന്ന തുക ലഭിക്കാൻ സ്കൂളുകൾക്ക് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഹരജിക്കാരൻ മീഡിയവണിനോട് പറഞ്ഞു.

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസിൽ 25 ശതമാനം ദുർബല വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കാനാണ് ഹൈക്കോടതി നിർദേശം. പഠനചെലവ് പൂർണമായും സർക്കാർ വഹിക്കണം. വിദ്യാർഥികളുടെ ചെലവിനായി സ്കൂളുകൾക്ക് സർക്കാരിനെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ അണ്‍ എയ്ഡഡ് സ്കൂളുകൾ സമീപ പ്രദേശങ്ങളിലെ ദുർബലരായ വിദ്യാർഥികൾക്ക് പ്രവേശനം നൽകണമെന്നുണ്ട്. ഇതനുസരിച്ച് പ്രവേശനം ചിട്ടപ്പെടുത്താനാണ് കോടതിയുടെ നിർദേശം. ഈ അധ്യയന വർഷം മുതലെങ്കിലും നിർധനരായ കുട്ടികൾക്ക് മികച്ച സ്കൂളുകളിൽ വിദ്യാഭ്യാസത്തിന് അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഹരജിക്കാരൻ പ്രതികരിച്ചു.

കോവിഡ് കാലത്ത് ഓണ്‍ലൈൻ ക്ലാസുകളായിരുന്നിട്ടും സ്കൂളുകൾ ഉയർന്ന ഫീസ് വാങ്ങിയെന്ന് ആരോപിച്ചാണ് ആൽബർട്ട് ഹരജി നൽകിയത്. ഇത് തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.



Related Tags :
Similar Posts