Kerala
കത്തി കണ്ടെത്താനായില്ല; പൊലീസിനെ വട്ടം കറക്കി രാജേന്ദ്രന്‍
Kerala

കത്തി കണ്ടെത്താനായില്ല; പൊലീസിനെ വട്ടം കറക്കി രാജേന്ദ്രന്‍

Web Desk
|
15 Feb 2022 12:56 PM GMT

അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമാണ് പ്രതിയുടേതെന്നാണ് പൊലീസ് നിഗമനം

അമ്പലമുക്ക് കൊലക്കേസ് പ്രതി രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇന്നും കണ്ടെത്താനായില്ല. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമാണ് പ്രതിയുടേതെന്നാണ് പൊലീസ് നിഗമനം.

തങ്കശാലൈ സ്ട്രീറ്റിലെ രാജ ദുരൈ ലോഡ്ജിൽ നടത്തിയ പരിശോധന മണിക്കൂറുകൾ നീണ്ടു. നിർണായക തെളിവായ മാലയിലെ ലോക്കറ്റ് ലോഡ്ജിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ഇവിടെ നിന്നും കാര്യമായി ഒന്നും ലഭിച്ചില്ല. പ്രതി അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ല. പരസ്പര വിരുദ്ധമായ മൊഴി നൽകി അന്വേഷണം വഴി തെറ്റിക്കുന്നതായാണ് പൊലീസ് നിഗമനം.

കൊലയ്ക്ക് ഉപയോഗിച്ച കത്തി മുട്ടടയിലെ കുളത്തിലും മെഡിക്കൽ കോളജിന് സമീപത്തും ഉപേക്ഷിച്ചെന്നായിരുന്നു ആദ്യ മൊഴികൾ. തമിഴ്നാട്ടിലേക്കുള്ള യാത്രക്കിടെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കത്തി എറിഞ്ഞു എന്നാണ് ഒടുവിൽ നൽകിയ മൊഴി. ഇന്ന് നടത്തിയ തെരച്ചിലിലും കത്തി കണ്ടെത്താനായില്ല. അന്വേഷണം വഴിമുട്ടിച്ച് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിക്കാനാണ് പ്രതിയുടെ ശ്രമം. ഇന്നലെ മുട്ടട കുളത്തിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ ഷർട്ട് കണ്ടെത്തിയിരുന്നു.

അലങ്കാരച്ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി സ്വർണമാല കവര്‍ന്ന കേസിലാണ് രാജേന്ദ്രനെ പിടികൂടിയത്. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തിലെ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. പിടികൂടിയപ്പോഴും കുറ്റം സമ്മതിക്കാന്‍ പ്രതി തയ്യാറായിരുന്നില്ല. പരസ്പരവിരുദ്ധമായ മൊഴി നൽകിയ പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. സ്വര്‍ണം പണയം വെച്ചെന്നും പിന്നീട് പ്രതി സമ്മതിച്ചു.

Related Tags :
Similar Posts