ബ്രഹ്മപുരം പ്ലാന്റിൽ തീപിടിച്ചിട്ട് ഒരാഴ്ച; പുകയിൽ മുങ്ങി കൊച്ചി നഗരം
|ജില്ലാ കലക്ടറും പി.സി.ബി ചെയര്‍മാനും ഉൾപ്പെടെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകും
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീപിടിച്ചിട്ട് ഇന്നേക്ക് ഒരാഴ്ച തികയുന്നു. മുൻകാലകളിൽ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും രൂക്ഷമായ തീയും പുകയും ഇതാദ്യമാണ്. ആളിക്കത്തുന്ന തീ അണയ്ക്കാനായെങ്കിലും പ്ലാൻറിന്റെ പല ഭാഗത്തും ഇപ്പോഴും തീയും പുകയും ഉയരുകയാണ്. വ്യോമസേനയുടെ ഹെലികോപ്ടറുകളടക്കം സ്ഥലത്തുണ്ട്. ഫയർ ടെണ്ടറുകളും ഹിറ്റാച്ചികളും ഉപയോഗിച്ച് മാലിന്യക്കൂനകൾ മറിച്ചിട്ട് വെള്ളമടിക്കുന്നത് തുടരുകയാണ്. സൈന്യത്തിന്റെ ഹെലിക്കോപ്റ്ററുകളും സഹായവുമായി രംഗത്തുണ്ട്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ വിട്ടുകിട്ടാത്ത സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് മണ്ണുമാന്തിയന്ത്രങ്ങൾ പിടിച്ചെടുക്കുകയാണ് ജില്ല ഭരണകൂടം.
കൊച്ചി നഗരത്തിൽ ഒരാഴ്ചയായി തുടരുന്ന പുക ശല്യം രണ്ടു ദിവസത്തിനകം പൂർണമായി ഇല്ലാതാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം. തീ അണക്കാനായി അധ്വാനിക്കുന്നവർക്കായി ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ ക്യാമ്പ് ബ്രഹ്മപുരത്ത് തുടങ്ങി. പുക മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, എറണാകുളത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഐ.സി.എം ആറിന് കത്തയച്ചു. വിഷപുക കൊണ്ട് ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തീപിടിത്തത്തിന്റെ തൽസ്ഥിതിയും പരിഹാര നിർദേശങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും കൊച്ചി കോർപറേഷനും അറിയിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ഉദ്യോഗസ്ഥർ കോടതിക്ക് കൈമാറും. ബ്രഹ്മപുരത്ത് മലിനീകരണ നിയന്ത്രണ ബോർഡ് സാഹചര്യത്തിനനുസരിച്ച് പ്രവർത്തിച്ചില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേസിൽ ഇന്ന് ജില്ലാ കലക്ടറും പിസിബി ചെയർമാനും കോർപ്പറേഷൻ സെക്രട്ടറിയും നേരിട്ട് ഹാജരാകും . തദ്ദേശസെക്രട്ടറിയോട് ഓൺലൈനിൽ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും, ബസന്ത് ബാലാജിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.