ജെബി മേത്തറിന്‍റെ രാജ്യസഭാ സ്ഥാനാർഥിത്വം സ്വാഗതം ചെയ്ത് എം.ലിജു
|തന്‍റെ പ്രതിബദ്ധത കോൺഗ്രസിന്‍റെ ആശയങ്ങളോടാണെന്നും രാഷ്ട്രീയത്തെ തൊഴിലായി കണക്കാക്കുന്നില്ലെന്നും ലിജു മീഡിയവണിനോട് പറഞ്ഞു
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർഥിയായി തെരഞ്ഞെടുത്ത ഹൈക്കമാന്‍റ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് എം.ലിജു. ഒഴിവാക്കപ്പെട്ടുവെന്ന വിഷമമില്ല, അര്‍ഹതയുള്ള നിരവധി നേതാക്കന്മാരുണ്ട്. ഒരു സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ പാര്‍ട്ടിക്ക് നിരവധി മാനദണ്ഡങ്ങളുമുണ്ടാകും. അതുകൊണ്ട് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കാരണമാണ് അവസരം നഷ്ടപ്പെട്ടതെന്ന് കരുതുന്നില്ല. പാര്‍ട്ടിയെടുത്ത തീരുമാനമാണ് ശരിയെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. സംസ്ഥാനത്തെ ചർച്ചകൾക്ക് ശേഷം എം.ലിജു, ജെബി മേത്തർ, ജെയ്‌സൺ ജോസഫ് എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡിന് കൈമാറിയത്. തുടര്‍ന്ന് ജെബി മേത്തറെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
മുൻ തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായമുയര്‍ന്നതില്‍ വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "പാർട്ടി പറഞ്ഞിട്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജി. സുധാകരന്‍ മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എതിരായാണ് മത്സരിച്ചത്. അതിനുശേഷം ആവശ്യപ്പെട്ടത് കായംകുളത്ത് മത്സരിക്കാനാണ്. കായംകുളം സി.പി.എമ്മിന് വലിയ ഭൂരിപക്ഷമുള്ള സ്ഥലമാണ്. പിന്നീട് അമ്പലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഗണ്യമായ ഭൂരിപക്ഷം കുറക്കാന്‍ സാധിച്ചെങ്കിലും ഞാന്‍ പരാജയപ്പെട്ടു. നേരത്തെ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അതിനെയും സ്വാഗതം ചെയ്യുന്നു" ലിജു കൂട്ടിച്ചേര്‍ത്തു.
വിജയ പരാജയങ്ങളെ വ്യക്തിപരമായിട്ട് ഞാന്‍ കണക്കാക്കുന്നില്ല. അത് പ്രസ്ഥാനത്തിന് വേണ്ടി ഏറ്റെടുക്കുന്ന വെല്ലുവിളിയാണ്. തന്‍റെ പ്രതിബദ്ധത കോണ്‍ഗ്രസിന്‍റെ ആശയങ്ങളോടാണെന്നും രാഷ്ട്രീയത്തെ തൊഴിലായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ എന്നെ മാത്രമല്ല പിന്തുണച്ചത്. അദ്ദേഹം എല്ലാവരുടെയും നേതാവാണ്. എല്ലാവരെയും പിന്തുണച്ചിട്ടുണ്ട്. കെ സുധാകരനെപ്പോലുള്ള നേതാക്കളുടെ പിന്തുണലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ലിജു വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ നിന്ന് മുസ്‌ലിം സമുദായത്തിൽ നിന്ന് എം.പിമാരില്ലാത്തതും വനിതാ പ്രാതിനിധ്യം, യുവസ്ഥാനാർഥി തുടങ്ങിയ പരിഗണനകളും ജെബി മേത്തറിന് തുണയായി. സി.പി.എമ്മും സി.പി.ഐയും യുവസ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ യു.ഡി.എഫും യുവസ്ഥാനാർഥിയെ പ്രഖ്യാപിക്കണം എന്ന ആവശ്യമുയർന്നിരുന്നു. കെ.വി തോമസ്, കെ.സി ജോസഫ്, എംഎം ഹസൻ തുടങ്ങിയവരും സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം ഒഴിവാക്കിയാണ് ഇപ്പോൾ ജെബി മേത്തറിലേക്ക് ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്.