ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണം- വെൽഫെയർ പാർട്ടി
|''ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ജനാധിപത്യത്തിനു നിരക്കാത്തതും കടുത്ത കുറ്റകൃത്യവുമാണ്. അതിനെ ചോദ്യം ചെയ്യുന്നവരെ തുറുങ്കിലടക്കുന്നതിനു പകരം തെറ്റുകൾ സമ്മതിച്ച് സ്വയം തിരുത്താനാണ് കേരള സർക്കാർ ശ്രമിക്കേണ്ടത്.''
കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്ന് വെൽഫെയർ പാർട്ടി. കോഴിക്കോട് ജില്ലാ ജയിലിൽ ഗ്രോ വാസുവിനെ സന്ദർശിച്ച ശേഷം സംസാരിക്കവെയാണ് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഇക്കാര്യം ആവശ്യപ്പെട്ടത്.
2016ൽ നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസു അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റസമ്മതം നടത്താനും ജാമ്യരേഖകളിൽ ഒപ്പുവെക്കാനും തയ്യാറാകാതിരുന്നത് ഭരണകൂടത്തോടുള്ള പ്രതിഷേധമാണെന്ന് അന്നുതന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ പൗരന്റെ ജനാധിപത്യാവകാശമായും ഗ്രോ വാസുവിനെ പോലുള്ള മുതിർന്ന മനുഷ്യാവകാശ പ്രവർത്തകന്റെ സാമൂഹ്യബാധ്യതയായും ഉൾക്കൊള്ളാൻ ഒരു ജനാധിപത്യ ഭരണകൂടത്തിന് സാധിക്കണം-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ജനാധിപത്യത്തിനു നിരക്കാത്തതും കടുത്ത കുറ്റകൃത്യവുമാണ്. അതിനെ ചോദ്യം ചെയ്യുന്നവരെ തുറുങ്കിലടക്കുന്നതിനു പകരം തെറ്റുകൾ സമ്മതിച്ച് സ്വയം തിരുത്താനാണ് കേരള സർക്കാർ ശ്രമിക്കേണ്ടതെന്നും റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാലാഴി, കോർപറേഷൻ പ്രസിഡണ്ട് സജീർ പന്നിയങ്കര, നാസർ വേങ്ങര എന്നിവരും കൂടെയുണ്ടായിരുന്നു.
Summary: Welfare Party asks to release activist GROW Vasu unconditionally