കുടിവെളളം, വൈദ്യുതി, റേഷൻ: സർക്കാർ ജനദ്രോഹത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം നാളെ
|സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിലാണ് പ്രതിഷേധം.
തിരുവനന്തപുരം: വെള്ളക്കരവും വൈദ്യുതി ചാർജും വർധിപ്പിച്ചും റേഷൻ സംവിധാനം തകർത്തും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന ഇടതു സർക്കാരിന്‍റെ ജനദ്രോഹത്തിനെതിരെ വെൽഫെയർ പാർട്ടി നാളെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്. സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിലാണ് പ്രതിഷേധം.
കുടിവെള്ളത്തിന് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന തുക ഇരട്ടിക്ക് മുകളിൽ വർധിപ്പിച്ചാണ് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നത്. എല്ലാ മാസവും വൈദ്യുതിക്ക് സർചാർജ് വർധിപ്പിക്കുന്ന അസാധാരണമായ തീരുമാനം കേന്ദ്ര സർക്കാരും എടുത്തിരിക്കുന്നു. റേഷന്‍ വിതരണ രംഗത്ത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒത്തുചേർന്ന് ജനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയുമാണ്. കുത്തകകൾക്കും സമ്പന്നർക്കും മാത്രം ജീവിക്കാൻ കഴിയുന്ന സാഹചര്യമാണ് സർക്കാരുകൾ സൃഷ്ടിക്കുന്നത്. അനിയന്ത്രിതമായ വിലക്കയറ്റം സാധാരണ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടും. ഇത്തരം തീരുമാനത്തിൽ നിന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഉടൻ പിൻമാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
പഞ്ചായത്ത്, മുൻസിപ്പൽ, മണ്ഡലം തലങ്ങളിലെ 500 കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കാൻ മുഴുവൻ ജനങ്ങളുടെയും പിന്തുണ അഭ്യർഥിക്കുന്നുവെന്ന് ജബീന ഇർഷാദ് പറഞ്ഞു.