കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണം; പൊന്നാനിയിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം
|കടലാക്രമണം നേരിടുന്ന മലപ്പുറം പൊന്നാനി പാലപ്പെട്ടിയിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ തീരദേശവാസികൾ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചു
മലപ്പുറം: കടലാക്രമണം നേരിടുന്ന മലപ്പുറം പൊന്നാനി പാലപ്പെട്ടിയിൽ ശാശ്വതവും ശാസ്ത്രീയവുമായ കടൽഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ തീരദേശവാസികൾ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചു. പത്തുമുറി മുതൽ കാപ്പിരിക്കാട് വരെ 4 കിലോമീറ്റർ നീളത്തിലാണ് കടൽ ഭിത്തി തകർന്നിട്ടുള്ളത്.
കടൽഭിത്തി ഇല്ലാത്തത് മൂലം മഴയിലും കടലാക്രമണത്തിലും ഈ പ്രദേശത്തുള്ള നിരവധി വീടുകളാണ് തകർന്നത് .പല വീടുകളും താമസ യോഗ്യമല്ലാതാവുകയും ചെയ്തു. കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും, നിലവിൽ പണിയുന്ന കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിലല്ലാത്തതിലും പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.
സർക്കാർ നടപ്പാക്കിയ പുനർഗേഹം പദ്ധതിയിൽ നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധത്തിന്റെ ഭാഗമായത് .റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എ കെ കാസിം, കാസിം കൊണ്ടത്ത്, മജീദ് പാലപ്പെട്ടി, നൗഷാദ് യാഹൂ, മുൻഷിറ, മൻസിയ, നസീമ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.