തൃക്കാക്കര ഫലം : മത സമൂഹങ്ങളെ തമ്മിലടിപ്പിച്ച് വിജയിക്കാനുള്ള സിപിഎം ശ്രമത്തിന് ലഭിച്ച കനത്ത പ്രഹരം - വെൽഫെയർ പാർട്ടി
|മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മത- ജാതി വിഭാഗീയതകളെ ത്വരിപ്പിച്ചും ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുമുള്ള പ്രചാരണ പ്രവർത്തനമാണ് നടത്തിയത്
തിരുവനന്തപുരം: കേരളത്തിലെ വിവിധ മത സമൂഹങ്ങൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിച്ചും തമ്മിലടിപ്പിച്ചും വിജയിച്ച് കയറാനുള്ള സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ദുഷ്ട ശ്രമങ്ങൾക്ക് ജനങ്ങൾ നൽകിയ കനത്ത പ്രഹരമാണ് തൃക്കാക്കരയിലെ ജനവിധിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മത- ജാതി വിഭാഗീയതകളെ ത്വരിപ്പിച്ചും ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുമുള്ള പ്രചാരണ പ്രവർത്തനമാണ് നടത്തിയത്.
സംസ്ഥാന ഭരണത്തിൽ ഒരു മാറ്റവും സൃഷ്ടിക്കാൻ കഴിയാത്ത ഉപതെരഞ്ഞെടുപ്പിൽ എന്ത് വില കൊടുത്തും ജയിക്കണമെന്ന വാശി ദുരുദ്ദേശപരമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സിപിഎം നടപ്പാക്കി വരുന്ന സോഷ്യൽ എഞ്ചിനീയറിംഗിന്റെ പുതിയ ഘട്ടമായാണ് ഉപതെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിയും പാർട്ടിയും കണ്ടത്. അപകടകരമായ ഈ നീക്കത്തെ ജനം തളളി കളഞ്ഞിരിക്കുന്നു.
കേരളത്തെ തകർക്കുന്ന കെ-റെയിൽ പദ്ധതി അടക്കമുള്ള ഭരണത്തിന്റെ വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പ് എന്നാണ് കോടിയേരി പറഞ്ഞത്. ജനവിധിയിലൂടെ ഇത്തരം ജനവിരുദ്ധ പദ്ധതികൾക്ക് ജനങ്ങൾ എതിരാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ഇത് മുൻ നിർത്തി കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ സന്നദ്ധമാകണം. ജനങ്ങളെ തല്ലി ചതച്ച് കോർപ്പറേറ്റ് വികസനം നടപ്പാക്കാൻ ശ്രമിച്ചാൽ ഇതിനെക്കാൾ വലിയ തിരിച്ചടി സർക്കാരിന് നേരിടേണ്ടി വരും. വെറുപ്പും നുണയും ഉൽപ്പാദിപ്പിക്കുന്ന സംഘ്പരിവാർ രാഷ്ട്രീയത്തെ ജനങ്ങൾ അവഗണനയോടെയാണ് കാണുന്നതെന്നും തൃക്കാക്കര ഫലം നൽകുന്ന സൂചനയാണ്. പി.സി.ജോർജിനെ പോലെയുള്ള വൃത്തികെട്ട രാഷ്ട്രീയ രൂപങ്ങളെ ജനം തള്ളി കളഞ്ഞു എന്നത് നല്ല സന്ദേശമാണ്. ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഉമ തോമസിനെയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച തൃക്കാക്കരയിലെ മുഴുവൻ വോട്ടർമാരെയുംഅഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.