മോദി സർക്കാർ ഭരണം വിടുക: വെൽഫെയർ പാർട്ടി വെർച്വൽ റാലി വെള്ളിയാഴ്ച
|യൂട്യൂബ് ചാനലിലൂടെ ലൈവായി നടക്കുന്ന റാലി വെൽഫെയർ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്യും
രാജ്യത്തെ ശവപറമ്പാക്കി മാറ്റിയ മോദി സർക്കാർ ഭരണം വിടുക എന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി വെൽഫെയർ പാർട്ടി നടത്തിക്കൊണ്ടിരിക്കുന്ന ഒരു മാസം നീണ്ടു നിന്ന പ്രക്ഷോഭങ്ങളുടെ സമാപനമായി വെൽഫെയർ പാർട്ടി കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വെർച്വൽ റാലി വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കും. യൂട്യൂബ് ചാനലിലൂടെ ലൈവായി നടക്കുന്ന റാലി വെൽഫെയർ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്യും. പരാജയപ്പെട്ട കോവിഡ് പ്രതിരോധം, ലക്ഷദ്വീപിലെ സംഘ് കൈയ്യേറ്റം, പെട്രോളിയം വിലവർധന, പൗരത്വ നിഷേധം, കർഷക ദ്രോഹം, വിദ്യാർത്ഥികൾക്കെതിരെയും ജനാധിപത്യ ശബ്ദമുയർത്തുന്നവർക്കെതിരെയും നടത്തുന്ന ഭരണകൂട വേട്ട എന്നീ വിഷയങ്ങളുയർത്തിയാണ് ദേശീയ പ്രക്ഷോഭം മെയ് 25 മുതൽ ആരംഭിച്ചത്. കോവിഡ് സാമൂഹ്യ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാലാണ് സമാപന റാലി വെർച്വൽ പ്ലാറ്റ്ഫോമില്‍ നടക്കുന്നത്.
പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും വെർച്വൽ റാലിയിൽ അവരവരുടെ ഇടങ്ങളിൽ നിന്നും ഓൺലൈൻ പ്ലാറ്റ് ഫോം വഴി അണിനിരക്കും. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം, ദേശീയ സെക്രട്ടറി ഇ.സി ആയിഷ, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, ട്രഷറർ പി.എ അബ്ദുൽ ഹഖീം, വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ എന്നിവരും എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, വിമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ്, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് നജ്ദ റൈഹാൻ തുടങ്ങിയവരും റാലിയെ അഭിസംബോധന ചെയ്യും.